കോക്രോച്ച് ജനത പാർട്ടിക്ക് ‘എക്‌സി’ൽ ബ്ലോക്ക്‌, ഫോളോവേഴ്‌സ്‌ എണ്ണം ബിജെപിയെ മറികടന്നതിനു പിന്നാലെ

ന്യൂഡൽഹി: അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി (CJP) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയെക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയിൽ ഇവരുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. അഭിജീത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനത പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുന്നു.’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. തൊഴിലില്ലായ്മയ്ക്കും നീതിപീഠത്തിന്റെ വിവാദ പരാമർശങ്ങൾക്കും എതിരെ യുവാക്കളുടെ പ്രതിഷേധമായി രൂപംകൊണ്ട ഈ മൂവ്മെന്റ് ചുരുങ്ങിയ കാലം കൊണ്ട് വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഗൗരവകരമായ രാഷ്ട്രീയ പരിഷ്‌കാരങ്ങൾ ആവശ്യപ്പെടുന്നതോടൊപ്പം തന്നെ മീമുകളിലൂടെയും ഹാസ്യത്തിലൂടെയും യുവജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനും കോക്രോച്ച് പാർട്ടിക്ക് സാധിച്ചു. ഒരു സമാന്തര ഡിജിറ്റൽ വിപ്ലവമായി വളർന്ന ഈ പാർട്ടി, ഇന്ത്യൻ രാഷ്ട്രീയ ചർച്ചകളിൽ നിലവിൽ വലിയ പ്രാധാന്യം നേടിക്കഴിഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കോക്രോച്ച് ജനത പാർട്ടിയുടെ അവിശ്വസനീയമായ കുതിച്ചുചാട്ടത്തിനിടയിലാണ് ഈ വിലക്ക് വരുന്നത്. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച, രാഷ്ട്രീയ ചർച്ചകൾ, സ്ഥാപനപരമായ ഉത്തരവാദിത്തം എന്നിവയിലെ യുവാക്കളുടെ പ്രതിഷേധം ആളിപ്പടർന്നതോടെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ഓൺലൈൻ ആക്ഷേപഹാസ്യ പ്രസ്ഥാനമായി കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ചത്

ഇന്ന് അതൊരു പൂർണമായ ഡിജിറ്റൽ പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 10 ദശലക്ഷത്തിലധികം (1 കോടി) ഫോളോവേഴ്സിനെ കടന്ന് ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിനെ (ഏകദേശം 8.7 ദശലക്ഷം ഫോളോവേഴ്സ്) സിജെപി പിന്നിലാക്കി മണിക്കൂറുകൾക്ക് ശേഷമാണ് ഈ നടപടി. 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോൺഗ്രസ് ആണ് നിലവിൽ മുന്നിലുള്ളത്.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റി ബിരുദധാരിയും മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ക്യാമ്പയിൻ പ്രവർത്തകനുമായിരുന്നു കോക്രോച്ച് പാർട്ടിയുടെ സ്ഥാപകനായ 30-കാരൻ അഭിജീത് ദിപ്കെ. ‘യുവാക്കളുടെ രാഷ്ട്രീയ മുന്നണി, യുവാക്കളാൽ, യുവാക്കൾക്ക് വേണ്ടി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ മുദ്രാവാക്യം ‘സെക്കുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയൻ)’ എന്നാണ്.

കഴിഞ്ഞ ആഴ്ച ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശങ്ങൾക്കുള്ള പരിഹാസ രൂപേണയുള്ള മറുപടിയായാണ് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേര് രൂപപ്പെട്ടത്. തൊഴിലില്ലാത്ത ചില യുവാക്കളെയും ഓൺലൈൻ ആക്ടിവിസ്റ്റുകളെയും പരാമർശിക്കവേ ചീഫ് ജസ്റ്റിസ് അവരെ ‘പാറ്റകൾ’ (cockroaches), ‘പരാദങ്ങൾ’ (parasites) എന്നിവയോട് ഉപമിച്ചത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടവെച്ചിരുന്നു.

ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളാണ് ഈ പ്രസ്ഥാനത്തിന് പിന്നിലെ വൈകാരികമായ പ്രേരണയെന്ന് അഭിജീത് പിന്നീട് പറയുകയുണ്ടായി. ‘നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയുടെ സംരക്ഷകനായ ചീഫ് ജസ്റ്റിസിൽനിന്നാണ് അത്തരം പരാമർശങ്ങൾ ഉണ്ടായതെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്.’ എന്നാണ് അഭിജീത് ഒരഭിമുഖത്തിൽ പറഞ്ഞത്.

തന്റെ വാക്കുകൾ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജ ബിരുദം ഉപയോഗിച്ച് തൊഴിൽ മേഖലകളിൽ പ്രവേശിക്കുന്നവരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചെങ്കിലും ഓൺലൈൻ പ്രതിഷേധം തണുപ്പിക്കാനായില്ല. സിജെപി കൂടുതൽ ജനശ്രദ്ധ നേടിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്ത പ്രവർത്തകരെയും വിവിധ പ്ലാറ്റ്ഫോമുകളിലായി ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയും നേടാൻ പാർട്ടിക്കായി.

അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, സാമൂഹിക പ്രവർത്തകയായ അഞ്ജലി ഭരദ്വാജ്, തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖർ ഈ പ്രസ്ഥാനത്തിൽ ചേരാൻ തമാശരൂപേണ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യവും ഗൗരവമേറിയ രാഷ്ട്രീയ ആവശ്യങ്ങളും ചേർന്നതാണ് പാർട്ടിയുടെ പ്രകടനപത്രിക.

ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം രാജ്യസഭാ സ്ഥാനങ്ങൾ നൽകുന്നത് നിരോധിക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം ഉറപ്പാക്കുക, പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുക, മാധ്യമ ഉടമസ്ഥതയിലും തൊഴിലവകാശങ്ങളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരിക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ഇതൊരു താൽക്കാലിക തമാശ (meme trend) മാത്രമല്ലെന്നും ഇന്ത്യൻ യുവാക്കൾക്കിടയിൽ വളരുന്ന നിരാശയുടെ പ്രതിഫലനമാണെന്നും ദിപ്കെ ആവർത്തിച്ചു. കോക്രോച്ച് ജനത പാർട്ടി ഒരു ഔദ്യോഗിക രാഷ്ട്രീയ സംഘടനയായി മാറുമോ അതോ ഒരു ഓൺലൈൻ പ്രതിഷേധമായി തുടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. എങ്കിലും, എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെക്കപ്പെട്ടതും സോഷ്യൽ മീഡിയയിലെ സ്വാധീനം വർധിച്ചതും കാരണം സിജെപി ഇപ്പോൾ ദേശീയ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.