വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമം; പ്രതിക്കായി കാഞ്ഞിരപ്പളളി പോലീസ് അന്വേഷണം ആരംഭിച്ചു കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ വീട് കയറി സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതനായ പ്രതിക്കായി കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ശക്തമാക്കി. കൂവപ്പള്ളി ഭാഗത്ത് അമൽജ്യോതി കോളേജ് ഹോസ്റ്റലിന് പുറകുവശത്തുള്ള ഒരു വീട്ടിലാണ് അതിക്രമം നടന്നത്.അജ്ഞാതനായ ഒരാൾ വീട്ടിൽ അതിക്രമിച്ച് കയറുകയും അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി പെരുമാറാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്നുപോയ വീട്ടുകാർ നിലവിളിച്ചതോടെ ശബ്ദം കേട്ട് സമീപവാസികൾ ഓടിക്കൂടി. ആളുകൾ വരുന്നത് കണ്ട പ്രതി പറമ്പ് വഴി ഓടി എരുമേലി–കാഞ്ഞിരപ്പള്ളി റോഡ് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

