സ്കൂൾ പ്രവേശനം: ആകർഷകമായ വാഗ്ദാനങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളും.



വേനലവധിക്ക് ശേഷം അക്ഷരങ്ങളുടെയും അറിവിന്റെയും നന്മയുടെയും പുതിയൊരു അധ്യയനവർഷത്തിലേക്ക് സ്കൂൾ പടിവാതിലുകൾ തുറക്കുകയാണ്. നിരവധി കുരുന്നു കുട്ടികൾ ആദ്യമായി അക്ഷരമുറ്റത്തേക്ക് എത്തുമ്പോൾ, മറ്റൊരു വിഭാഗം വിദ്യാർത്ഥികൾ യു.പി. സ്കൂൾ പഠനം പൂർത്തിയാക്കി ഏഴാം ക്ലാസ്സിൽ നിന്നും എട്ടാം ക്ലാസ്സിലെ ഹൈസ്കൂൾ ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ഈ പ്രവേശന കാലയളവിനോട് അനുബന്ധിച്ച്, വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് ആകർഷിക്കുന്നതിനായി അധ്യാപകരും സ്കൂൾ മാനേജ്മെന്റുകളും വീടുകൾ സന്ദർശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന രീതിയിൽ സൌജന്യ യൂണിഫോം, കുട, ബാഗ്, പുസ്തകങ്ങൾ എന്നിവയ്ക്ക് പുറമെ ചിലയിടങ്ങളിൽ സാമ്പത്തിക സഹായങ്ങളും, എല്ലാറ്റിനുമുപരിയായി സൗജന്യ വാഹനസൗകര്യവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തിൽ അധ്യാപകർക്ക് പുറമെ വലിയൊരു സംഘം ഏജന്റുമാരും രംഗത്തുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. സ്കൂളുകളിൽ കുട്ടികളെ എത്തിക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന നിരവധി ഏജന്റുമാർ കുട്ടികളെ വലവീശിപ്പിടിച്ച് സ്കൂളുകളിൽ ചേർക്കാൻ സജീവമായി രംഗത്തുണ്ട്. ഇത്തരത്തിലുള്ള ഏജന്റുമാരിലൂടെയാണ് പലപ്പോഴും രക്ഷിതാക്കൾക്ക് സാമ്പത്തിക സഹായങ്ങൾ ഉൾപ്പെടെയുള്ള ആകർഷകമായ വാഗ്ദാനങ്ങൾ നൽകപ്പെടുന്നത്. സ്കൂളുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഒരു നിശ്ചിത വിഹിതം കമ്മീഷനായി കൈപ്പറ്റിയാണ് ഈ ഏജന്റുമാർ പ്രവർത്തിക്കുന്നത്. സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം കൂടുതൽ നടക്കുന്നത്. ലളിത ജീവിതം നയിക്കുന്ന സാധാരണക്കാരുടെ കുടുംബ സാഹചര്യങ്ങളെ ചൂഷണം ചെയ്ത്, ഇത്തരം മോഹന വാഗ്ദാനങ്ങൾ നൽകി കുട്ടികളെ ക്യാൻവാസ് ചെയ്യാനാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്.

കുട്ടികളുടെ എണ്ണം കുറഞ്ഞാൽ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയും സ്കൂളുകളുടെ നിലനിൽപ്പും മുൻനിർത്തിയാണ് അധ്യാപകർ ഈ അവധിദിനങ്ങളിൽ കഠിനപ്രയത്നം നടത്തുന്നത്. അവരുടെ ജീവിതമാർഗ്ഗവും നിലനിൽപ്പും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം നാം വിസ്മരിച്ചുകൂടാ. അതുകൊണ്ടുതന്നെ ഈ വാഗ്ദാനങ്ങൾ പല കുടുംബങ്ങൾക്കും സാമ്പത്തികമായി വലിയൊരു തണലാകുന്നുണ്ട്. എന്നാൽ, ഈ പ്രക്രിയയിൽ പലരും ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുമായ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സുരക്ഷാ പ്രശ്നങ്ങളും ഇതിന് പിന്നിലുണ്ട് എന്നത് മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സൌജന്യ വാഹനയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

വിപുലമായ യാത്രാസൗകര്യങ്ങളും ആവശ്യത്തിന് വാഹനങ്ങളുമുള്ള വലിയ സ്കൂളുകളെ സംബന്ധിച്ച് ഇത് വലിയൊരു പ്രശ്നമല്ല. അവർ കൃത്യസമയത്ത് എല്ലാ പ്രദേശങ്ങളിലും വാഹനങ്ങൾ എത്തിക്കുകയും, സ്കൂൾ സമയത്തിന് മുൻപ് കുട്ടികളെ എത്തിക്കാനും സ്കൂൾ വിട്ടയുടൻ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിക്കാനും പ്രാപ്തരായിരിക്കും. എന്നാൽ കുറഞ്ഞ വാഹന സൗകര്യങ്ങൾ മാത്രമുള്ള ചില സ്കൂളുകൾ, തങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾക്ക് സൌജന്യ യാത്ര വാഗ്ദാനം ചെയ്യുമ്പോൾ അത് പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. ദൂരക്കൂടുതൽ കൊണ്ടും കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ടും ഒരേ വാഹനം തന്നെ ഒന്നിലധികം ട്രിപ്പുകൾ ഓടേണ്ടി വരുന്നു.

ഇത് കുട്ടികളുടെ ദൈനംദിന ജീവിതത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. ആദ്യ ട്രിപ്പിൽ വരുന്ന കുട്ടികൾ രാവിലെ ഏഴുമണിക്കും ഏഴരയ്ക്കും തന്നെ തയ്യാറായി വാഹനങ്ങളിൽ കയറേണ്ടി വരുന്നു. ഇവർ അധ്യാപകർ സ്കൂളിൽ എത്തുന്നതിന് മുൻപ് തന്നെ അവിടെ വന്നിരിക്കേണ്ടി വരുന്നു. എന്നാൽ അവസാന ട്രിപ്പിൽ വരുന്ന കുട്ടികളാകട്ടെ, വാഹനം വൈകുന്നത് മൂലം പലപ്പോഴും സ്കൂളിലെ ആദ്യ പിരീഡ് കഴിഞ്ഞായിരിക്കും ക്ലാസ്സുകളിൽ എത്തുക. വൈകുന്നേരങ്ങളിലും ഇതേ അവസ്ഥ ആവർത്തിക്കുന്നു; ആദ്യ ട്രിപ്പിലെ കുട്ടികളെ സ്കൂൾ വിടുന്നതിന് മുൻപ് തന്നെ വാഹനത്തിൽ കയറ്റി വിടുമ്പോൾ, അവസാന ട്രിപ്പിലെ കുട്ടികൾക്ക് സ്കൂൾ വിട്ട് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. എൽ.കെ.ജി മുതലുള്ള കൊച്ചുകുട്ടികൾ അടക്കം ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നത് സങ്കടകരമാണ്. ഇത് കുട്ടികളുടെ കൃത്യമായ ഉറക്കം, ഭക്ഷണം, ആരോഗ്യം, സുരക്ഷ എന്നിവയെ വലിയ രീതിയിൽ ബാധിക്കുന്നു.

ഏറ്റവും അപകടകരമായ അവസ്ഥ, നിശ്ചിത സമയത്തിനുള്ളിൽ എല്ലാ കുട്ടികളെയും എത്തിക്കാൻ വേണ്ടി സ്കൂൾ വാഹനങ്ങൾ നടത്തുന്ന അമിതവേഗതയാണ്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ വാഹനങ്ങളിൽ കുത്തിനിറച്ച്, സമയക്രമം പാലിക്കാൻ വേണ്ടി അമിതവേഗതയിൽ പായുന്നതും, കുട്ടികളെ വേഗത്തിൽ ഇറക്കാനും കയറ്റാനും ശ്രമിക്കുന്നതും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ മുൻകൂട്ടി തിരിച്ചറിയാതെ വാഗ്ദാനങ്ങളിൽ മാത്രം വിശ്വസിച്ച് കുട്ടികളെ ചേർത്ത പല മാതാപിതാക്കൾക്കും പിന്നീട് അധ്യയനവർഷത്തിന്റെ പകുതിക്ക് വെച്ച് സ്കൂൾ മാറ്റേണ്ടി വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട്, രക്ഷിതാക്കൾ കേവലമായ മോഹവാഗ്ദാനങ്ങളിലും ഇടനിലക്കാരുടെയോ ഏജന്റുമാരുടെയോ പ്രലോഭനങ്ങളിലും മാത്രം വീണുപോകാതെ, തങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകണം. കുട്ടികളെ സ്കൂളുകളിൽ ചേർക്കുന്നതിന് മുൻപ് വാഹനസൗകര്യത്തിന്റെ കൃത്യത, ദൂരം, യാത്രാസമയം എന്നിവയെല്ലാം കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. അധ്യാപകരുടെ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് തന്നെ, കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രം പ്രവേശന കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക.