അന്തരിച്ച നടനും തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്ന സലിം കുമാറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ഇന്ദ്രൻസ്. കോൺഗ്രസ് ജയിച്ചപ്പോൾ അദ്ദേഹം ഏതെങ്കിലുമൊരു നേതൃസ്ഥാനത്തേക്ക് വരുമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോമഡി ആണെങ്കിൽ അത് എത്രത്തോളും കോമഡി ആക്കാമെന്ന് ഒരു പഠിത്തമുണ്ട് സലിം കുമാറിന്. അത് കോമഡിയെങ്കിൽ കോമഡി തന്നെ. അത് ഏതറ്റം വരെ കൊണ്ടുപോകാൻ പറ്റും എന്നാണ് നോക്കുന്നത്. സീരിയസും അതുപോലെ തന്നെയാണ്. ആളുകളുടെ അടുത്ത് അദ്ദേഹം ഒരുപാട് കഥ പറയും.അനുഭവങ്ങളൊക്കെ ഒരു കഥ പോലെ പറയും. അധികമാരും വായിക്കാത്ത മാസികകളൊക്കെ സലിം വായിക്കും. വായിച്ചിട്ട് എന്നോട് കഥ വിളിച്ച് പറയും. ചിലപ്പോൾ നമ്മളത് ഒരുമിച്ച് കണ്ടതായിരിക്കും. അങ്ങനെ സിനിമ വിട്ട് കുറച്ചു കൂടുതൽ കാര്യങ്ങൾ നമ്മൾ തമ്മിൽ സംസാരിക്കുമായിരുന്നു കാണുമ്പോഴൊക്കെ. അങ്ങനെ ഞങ്ങൾ തമ്മിൽ വേറൊരു ഇഷ്ടവും സ്നേഹവും പരസ്പരം ഉണ്ടായിരുന്നു.നമ്മുടെ വീട്ടിലും അത്ര സ്വാതന്ത്ര്യമുള്ള ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന് സുഖമില്ലാതെ വന്നപ്പോഴൊക്കെ ഒരുപാട് ആധി തോന്നി. കാരണം ആള് നല്ല ചെറുപ്പമാണ്. അദ്ദേഹത്തിന്റെ നിലപാടും രാഷ്ട്രീയവുമൊക്കെ തുറന്നുപറയുന്ന ആളാണ്. ഒന്നും ഒളിച്ചുവയ്ക്കില്ല. സംസാരിക്കുന്ന ആ ഒച്ച മനസിലുണ്ട്. എല്ലാ തീരുമാനങ്ങൾക്കുമുണ്ട്.
ഞാൻ നല്ല പ്രതീക്ഷയിലായിരുന്നു. ആഗ്രഹിച്ചതുപോലെ ആളുടെ പാർട്ടി അധികാരത്തിൽ വന്നു. തീർച്ചയായും അദ്ദേഹം കഴിവുള്ള ഒരാളാണ്. അദ്ദേഹം ഏതെങ്കിലുമൊരു നേതൃസ്ഥാനത്തേക്ക് വരും. അപ്പോൾ ആള് കുറച്ച് ഉഷാർ ആകും. സലിം കുമാർ പഴയ സലിം കുമാർ ആകുമെന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു”. – ഇന്ദ്രൻസ് പറഞ്ഞു
