പിണറായിയുടെ മകൾ എൽഡിഎഫിൽപെട്ട ആളല്ല, ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു’

കൊല്ലം∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾക്കെതിരായ ഇ.ഡി അന്വേഷണത്തിനെതിരെ ഇടതുമുന്നണിയുടെ പേരിൽ നടത്തിയ സമരത്തിൽ സിപിഐ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു പാർട്ടി ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായിയുടെ മകൾ പിണറായിയുടെ പാർട്ടിയിലെ അംഗമോ ഇടതുമുന്നണിയിൽപെട്ട ആളോ അല്ല. ഇ‍‍‍.ഡി റെയ്ഡിനിടെ ഉണ്ടായ അക്രമത്തെ പാർട്ടി അപലപിക്കാതിരുന്നതു പിണറായിക്കു മുന്നിൽ സിപിഐ നേതൃത്വം വണങ്ങിനിൽക്കുന്നതു കൊണ്ടാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഉപജാപക സംഘത്തിന്റെ പിടിയിലാണ്. ഈ സംഘമാണു ബിനോയ് വിശ്വത്തെ നയിക്കുന്നത്. സെക്രട്ടേറിയറ്റ് അടിയന്തരമായി പിരിച്ചുവിടുകയോ അംഗങ്ങൾ സ്വയം പിരിഞ്ഞുപോകുകയോ വേണം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനുവേണ്ടി പാർട്ടി നേതൃത്വം രംഗത്തുവന്നത് അനവസരത്തിലായിപ്പോയെന്നും വിമർശനമുയർന്നു. നയപരമോ രാഷ്ട്രീയമോ ആയ ആവശ്യം അല്ല അത്. കേവലം പദവിക്കു വേണ്ടിയുള്ള മുറവിളിയാണെന്നും അംഗങ്ങൾ വിമർശിച്ചു. ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിൽ ആനി രാജ പങ്കെടുക്കാൻ പാടില്ലായിരുന്നു. പകരം, ആ വിഷയത്തിൽ എഐഎസ്എഫിനെക്കൊണ്ടു സമരം നടത്തിയാൽ മതിയായിരുന്നു. ബിനോയ് വിശ്വം, അസി.സെക്രട്ടറി പി.പി സുനീർ, ജി.ആർ. അനിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.