തൊടുപുഴ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റതോടെ മുല്ലപ്പെരിയാറിന്റെ കാര്യത്തിലെ നിലപാട് നിർണായകമാകും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ആയി ഉയർത്തും, കേരള–തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം എന്നും തുറക്കും എന്നിവയായിരുന്നു ടിവികെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. ഇത് തേനി ജില്ലയിലെ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കി. നാലു മണ്ഡലങ്ങളിൽ രണ്ടിടത്ത് ടിവികെ വിജയിച്ചു.
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്നു തന്നെയായിരുന്നു ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും പ്രഖ്യാപനം. എന്നാൽ കർഷകരുടെ വിശ്വാസം നേടിയെടുക്കാനായത് ടിവികെയ്ക്കാണ്. മുൻസർക്കാരുകളെപ്പോലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് ഇല്ലെന്നും തമിഴ്നാടിന്റെ നിയമപരമായ അവകാശം നേടിയെടുക്കുമെന്നുമായിരുന്നു ടിവികെ നേതാക്കൾ നൽകിയ ഉറപ്പ്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ പരാജയപ്പെട്ടെന്നും ടിവികെ വോട്ടർമാരെ വിശ്വസിപ്പിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ അതിർത്തിയിൽ റോഡ് ഉപരോധം ഉൾപ്പെടെ പതിവായി സംഘടിപ്പിക്കുന്ന കമ്പം മേഖലയിലെ കർഷക സംഘടനകളുടെ പിന്തുണ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ടിവികെയ്ക്കു ലഭിച്ചു. വിജയിച്ചാൽ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഹാരം കാണുന്നതിനു പ്രഥമ പരിഗണന നൽകുമെന്നാണ് സംഘടനകൾക്കു ടിവികെ സ്ഥാനാർഥികൾ നൽകിയ ഉറപ്പ്.
വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രം എല്ലാ ദിവസം തുറക്കുമെന്ന വാക്കും ചർച്ചയായി. ക്ഷേത്രം നവീകരിക്കും, അവിടേക്കുള്ള റോഡ് നിർമിക്കും, ക്ഷേത്രം തുറക്കുന്ന ചിത്രാപൗർണമി ഉത്സവത്തിന് കൂടുതൽ പേരെ കടത്തിവിടും എന്നൊക്കെയായിരുന്നു മറ്റു പാർട്ടികളുടെ വാഗ്ദാനം. തമിഴ്ജനത തങ്ങളുടെ സാംസ്കാരിക അവകാശമായി കാണുന്ന ക്ഷേത്രം തുറക്കുമെന്ന പ്രഖ്യാപനം വൈകാരികമായാണ് വോട്ടർമാർ സ്വീകരിച്ചത്. നിലവിൽ ഇവിടെ തേനി–ഇടുക്കി ജില്ലാ ഭരണകൂടം സംയുക്തമായാണ് ഉത്സവം നടത്തുന്നത്.
