ഇടുക്കി: തട്ടുകടയില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു.
പുളിയൻമല സ്വദേശി ചിത്രാഭവൻ വീട്ടില്‍ ശിവചന്ദ്രനെതിരെയായിരുന്നു യുവാവിന്റെ പരാക്രമം. തമിഴ്നാട് സ്വദേശി കവിയരശന്റെ തട്ടുകടയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തില്‍ പ്രതിയായ പുളിയൻമല സ്വദേശി സുജിത്തിനായി വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി മഴയായതിനാല്‍ കട നേരത്തെ അടയ്ക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സുജിത്ത് കടയിലെത്തിയത്. ഭക്ഷണം തീര്‍ന്നതിനാല്‍ കടയില്‍ ജീവനക്കാര്‍ക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രൻ ഇയാള്‍ക്ക് നല്‍കി.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി ലഭിക്കാത്തതില്‍ പ്രകോപിതനായി ശിവചന്ദ്രനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ സുജിത്തിന്റെ കടിയേറ്റ് അദ്ദേഹത്തിന്റെ മൂക്ക് മുറിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.