fbpx

ശസ്ത്രക്രിയയ്ക്കായി 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ ഡോക്ടര്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: ഹെറണിയയുടെ ശസ്ത്രക്രിയയ്ക്കായി രോഗിയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ വിഭാഗം ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വെങ്കിടഗിരിയാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് സ്വദേശിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഹെറണിയയുടെ ചികിത്സയ്ക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാര ഇക്കഴിഞ്ഞ ജൂലൈ മാസം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയത്. ജനറല്‍ സര്‍ജനെ കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്താൻ നിര്‍ദേശച്ചു. അനസ്തേഷ്യ ഡോക്ടറെ കണ്ട് ഡേറ്റ് വാങ്ങിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ നടത്താമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ വേദന അസഹനീയമായതോടെ ശസ്ത്രക്രിയ നേരത്തെ ആക്കുന്നതിനായി വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു. ഓപ്പറേഷൻ തീയതി നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഡോക്ടറുടെ വീടിന് സമീപത്തെത്തി.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടര്‍ പിടിയില്‍

വിജിലൻസ് നിര്‍ദേശം അനുസരിച്ച്‌ പരാതിക്കാരൻ ഇന്ന് വൈകിട്ട് ആറരയോടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച്‌ 2,000 രൂപ കൈമാറി. ഈ സമയം പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം പെട്ടെന്ന് അകത്തേക്ക് കടന്ന് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ പണവും കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

Share the News