fbpx

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; പരക്കെ മഴ; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ തുടരുകയാണ്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത

Share the News