സ്വന്തമായി വീടോ സ്ഥലമോ ഇല്ല, കയ്യിലുള്ളത് 15000 രൂപ’; ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങളിങ്ങനെ
കോട്ടയം: നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. കയ്യിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേർന്ന് ആകെ 15,98,600 രൂപയുടെ സ്വത്ത് വകകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിഗത വായ്പകൾ ഉൾപ്പടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25000 രൂപ മാസ ശമ്പളമുണ്ട്. നിലവിൽ കയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. ബാധ്യതയായി ജെയ്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.
ജെയ്കിന് രണ്ടു കോടിരൂപയുടെ സ്വത്ത് കൈവശമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി ജെയ്ക് രംഗത്തെത്തിയിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമാണെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചിരുന്നു.