fbpx

കെട്ടിവെയ്ക്കാന്‍ പണം പിതാവിനെ കല്ലെറിഞ്ഞയാളുടെ മാതാവില്‍ നിന്നും ; സ്‌നേഹത്തിന്റെ രാഷ്ട്രീയമെന്ന് ചാണ്ടിഉമ്മന്‍

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിലെ പ്രചരണം അതിശക്തമായി മൂന്നേറുമ്ബോള്‍ പിതാവിനെ കല്ലെറിഞ്ഞയാളുടെ ഉമ്മയില്‍ നിന്നും കെട്ടിവെയ്ക്കാന്‍ പണം സ്വീകരിച്ച്‌ ചാണ്ടി ഉമ്മന്‍.

2013 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിഷേധത്തിനിടയില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിലെ പ്രതിയായ സി.ഒ.ടി. നസീറിന്റെ മാതാവില്‍ നിന്നുമാണ് കെട്ടിവെക്കാനുള്ള പണം ചാണ്ടി ഉമ്മന്‍ സ്വീകരിച്ചത്.

സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നാട് ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രതികരണം. നസീറിനോടും ഉമ്മയോടും പ്രത്യേകം സ്‌നേഹവും നന്ദിയും ഉണ്ടെന്നും പറഞ്ഞു. വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ച്‌ ചാണ്ടി ഉമ്മന്‍ നസീറിന്റെ ഉമ്മയുമായി സംസാരിക്കുകയും ചെയ്തു. വിദേശത്താണ് നസീര്‍.

ഉമ്മ നേരിട്ട് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ എത്താന്‍ പറ്റാതെ പോകുകയായിരുന്നു എന്നും പറഞ്ഞു. സ്‌നേഹത്തിന്റെ കട തുടങ്ങണമെന്നാണ് രാഹുല്‍ഗാന്ധിയുടെ ആഹ്വാനം. വിദ്വേഷവും വെറുപ്പും ആരോടും വേണ്ട എന്ന രാഷ്ട്രീയമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പറഞ്ഞു. സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റിയംഗവും സി.പി.എം. തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്നു നസീര്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാകുമ്ബോള്‍. പിന്നീട് അദ്ദേഹം ഉമ്മന്‍ചാണ്ടിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

മുഖ്യമന്ത്രിയായിരിക്കെ സോളാര്‍ വിഷയം ഉയര്‍ത്തിയായിരുന്നു ആക്രമണം ഉണ്ടായത്. 2013 സെപ്തംബര്‍ 27 ന് പോലസ് ക്ലബ്ബിന്റെ വാര്‍ഷികത്തിന് കണ്ണൂരില്‍ എത്തിയപ്പോഴാണ് സംഭവം. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെറ്റിയില്‍ പരിക്കേറ്റിരുന്നു. 2018 ഫെബ്രുവരി 8 ന് തലശ്ശേരി റെസ്റ്റ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു നസീര്‍ മാപ്പപേക്ഷയുമായി ഉമ്മന്‍ചാണ്ടിയെ വന്നു കണ്ടത്. താനല്ല യഥാര്‍ത്ഥ പ്രതിയെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് ഇയാള്‍ അന്ന് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്. അഞ്ഞൂറോളം പേര്‍ക്ക് എതിരേയാണ് അന്ന് കേസെടുത്തത്

Share the News