എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പ്രണവേട്ടനോട് ചോദിച്ചു’; മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് നടി

അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നായിരുന്നു.

മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻ പ്രണവിനെക്കുറിച്ചും നടി എസ്തർ അനിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ പെണ്‍സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എസ്തർ.

പാപനാശനത്തില്‍ പ്രണവേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നല്ലോ അതുകൊണ്ട് ഒരുപാട് ഒന്നും അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നായിരുന്നു. അത് ലാല്‍ അങ്കിള്‍ പറഞ്ഞ് എനിക്കറിയാം.

എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പോയി ചോദിച്ചു. എങ്ങനെ അറിയാം എന്ന് പ്രണവേട്ടന്‍ എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് അറിയാം എന്ന് ഞാനും പറഞ്ഞു. കാരണം ഒരു നാള്‍ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തില്‍ ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്.

എന്റെ എസ്തര്‍ എന്ന പേര് അന്ന് പൊതുവേ ആര്‍ക്കും ഉണ്ടായിരുന്ന പേരല്ല. പിന്നെ ആര്‍ക്കും പെട്ടെന്ന് അങ്ങനെ പറയാനും പറ്റുന്ന പേരല്ല അത്. സിനിമയിലഭിനയിക്കുന്നവരുടെ പേര് മാറ്റുന്ന പരിപാടിയെല്ലാം അന്ന് ഉണ്ടായിരുന്നു.

മണിയന്‍പിള്ള രാജു അങ്കിൾ ലാലേട്ടന്റെ അടുത്ത് കൊണ്ടുപോയിട്ട് പറഞ്ഞു ലാലേ ഇതാണ് നമ്മുടെ മകളായിട്ട് അഭിനയിക്കുന്ന കുട്ടി, പേര് മാറ്റണോ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാനാണെങ്കില്‍ മാറ്റല്ലേ എന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. കാരണം അതൊരു യുണീക്ക് പേരാണ്. ലാലേട്ടന്‍ ചോദിച്ചു എന്താ പേരെന്ന്.

എസ്തറെന്ന് കേട്ടപ്പോള്‍ നല്ല പേരല്ലേ, അപ്പുവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നാണ്, അത് വെച്ചോളൂ സൂപ്പര്‍ പേരാണെന്നാണ് ലാലേട്ടന്‍ പറഞ്ഞത്”.- എസ്തര്‍ പറഞ്ഞു. മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ദൃശ്യം 3 റിലീസ് ചെയ്യുന്നത്. ജോർജുകുട്ടിയുടെ ഇളയമകൾ അനുവായാണ് ചിത്രത്തിൽ എസ്തർ എത്തുന്നത്.