*ഇടുക്കിയിൽ മണ്ണുകടത്ത് മാഫിയയുമായി ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു*
ചെറുതോണി /ഇടുക്കി :മണ്ണുകടത്ത് മാഫിയയുമായി ബന്ധം പുലർത്തിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ.എ.അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പിരിച്ചുവിട്ടത്. അബി കരിമണ്ണൂർ എസ്എച്ച്ഒയുടെ ചുമതലയിൽ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു സംഭവം. കരിമണ്ണൂരിൽ ഇയാളുടെ സഹോദരന്റെ പേരിലുള്ള സ്ഥലത്ത് വീടു നിർമിക്കാനായി മണ്ണെടുക്കാൻ പാസ് ലഭിച്ചിരുന്നു. ഇതിന്റെ മറവിൽ വൻതോതിൽ മണ്ണെടുത്തു വിറ്റെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. കുന്നിടിച്ച് മണ്ണുവിൽപന നടത്തിയ കേസിൽ ഉടമയ്ക്കു മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 16 ലക്ഷം രൂപ പിഴയിട്ടിരുന്നു.
മണ്ണു നീക്കം ചെയ്യാൻ ഉപയോഗിച്ച ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും അബിയുടെ ഉടമസ്ഥതയിൽ ഉള്ളവയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. തൊടുപുഴ ഡിവൈഎസ്പിയായിരുന്ന എം.ആർ.മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏപ്രിലിൽ ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ നേരിട്ടെത്തി പിടികൂടിയതോടെയാണു സംഭവം പുറത്തറിയുന്നത്. സംഭവശേഷം ഇയാളെ അടിമാലിയിലേക്കും പിന്നീടു കഞ്ഞിക്കുഴിയിലേക്കും സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയാണു പിരിച്ചുവിടൽ.