ദുബൈ: മൂന്നു ദിവസം അസ്ഥിര കാലാവസ്ഥ പ്രവചിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദേശം നൽകി യു.എ.ഇ അധികൃതർ. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ മിക്കയിടങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വെള്ളിയാഴ്ച വൈകീട്ടോടെ അബൂദബിയിലും അൽഐനിലും മഴ ആരംഭിച്ചിട്ടുണ്ട്. ശക്തമായ കാറ്റു വീശുന്നതിനാൽ യാത്രക്കാർ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വാദികളിലും വെള്ളം ഒഴുകുന്നയിടങ്ങളിലും വാഹനങ്ങൾ നിർത്തരുത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ ഓർമിപ്പിച്ചു.