കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, കുമളി പോലീസും ചേർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ കുമളി ഒന്നാം മൈൽ സ്വദേശി മുഹമ്മദ് ബഷീർ (43), അമരാവതി രണ്ടാം മൈൽ സ്വദേശി നഹാസ് ഇ നസീർ (33) എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഡാൻസാഫ് സംഘം മഫ്തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കടത്തിക്കൊണ്ടുവന്നതാണ് കഞ്ചാവ് ശേഖരമെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് സംഘം വ്യക്തമാക്കി. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുമളി എസ്.എച്ച്.ഓ സുജിത്ത് പി എസ്, എസ് ഐ മാരായ ജമാൽ, നൗഷാദ്, ASI സുനിൽ, CPO മാരായ അജിമോൻ, ഷിജു മോൻ, തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.