എംപിമാരെ പുറത്താക്കുന്നതിലൂടെ ബിജെപി രാജ്യത്തിൻ്റെ വായ് മൂടി കെട്ടുന്നു: ജോൺസൺ കണ്ടച്ചിറ
പത്തനംതിട്ട: പാർലമെൻറിൽ പ്രതിഷേധിച്ചതിന്റെ പേരിൽ 143 എംപിമാരെ പുറത്താക്കിയ നടപടി അപലപനീയമാണെന്നും ഇതിലൂടെ രാജ്യത്തിന്റെ വായ്മൂടി കെട്ടുകയാണ് ബിജെപി ഭരണകൂടം ചെയ്തിരിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ പറഞ്ഞു. പാർലമെന്റിൽ യുവാക്കൾ നടത്തിയ പുക സ്ഫോടനം സംബന്ധിച്ചും സുരക്ഷാ വീഴ്ച സംബന്ധിച്ചും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടികൾ പ്രതിഷേധിച്ച് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വായ് മൂടി കെട്ടിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേട്ടുകേഴ് വിയില്ലാത്ത സംഭവങ്ങളാണ് പാർലമെൻ്റിലടക്കം നടക്കുന്നത്. പ്രതിപക്ഷ മുക്ത പാർലമെന്റിലൂടെ പൗരവിരുദ്ധ നിയമങ്ങൾ പാസാക്കുകയാണ്. ഭാരതീയ ന്യായ സംഹിത ബില്ല് ഒരു ചർച്ചയും കൂടാതെ പാസാക്കി എടുത്തിരിക്കുകയാണ് ബിജെപി ഭരണകൂടം. രാജ്യ ഭൂരിപക്ഷത്തെ സാരമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ഇതിലുണ്ട്. ഇത്തരം നിരവധി നിയമനിർമാണങ്ങൾ ബിജെപി ഭരണത്തിൻ കീഴിൽ പാർലമെൻറിൽ പാസാക്കി കഴിഞ്ഞു. ജനാധിപത്യത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും പൗരന്മാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റിയാസ് കുമ്മണ്ണൂർ സ്വാഗതം പറഞ്ഞു. ജനറൽസെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക് നജീർ,ജില്ലാ സെക്രട്ടറി സഫിയ പന്തളം,ജില്ലാ ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എംഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിയാദ് നിരണം, ഷൈജു ഉളമ, മുഹമ്മദ് പി സലീം, പത്തനംതിട്ട നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീർ എസ് എന്നിവർ പങ്കെടുത്തു.