വിമാനയാത്രകളില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന പല മോശപ്പെട്ട അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടാറുണ്ട്.
സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. വികലാംഗയും സാമൂഹിക പ്രവര്‍ത്തകയുമായ വിരാലി മോദി എന്ന യുവതി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ നിലയിലുള്ള സേവനങ്ങളാണ് വിമാനയാത്രകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ തനിക്ക് ഇതൊന്നും കിട്ടിയില്ലെന്നാണ് വിരാലി മോദി പറഞ്ഞത്. തനിക്ക് ലഭിച്ചത് ധനനഷ്ടവും, മാനഹാനിയും, സമയ നഷ്ടവുമാണെന്ന് അവര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ദില്ലിയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയിലാണ് വീരാലിക്ക് മോശം അനുഭവ ഉണ്ടായത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വിരാലി പങ്കുവച്ചത്. ‘ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തങ്ങളുടെ യാത്രക്കാരില്‍ വൈകല്യമുള്ള വ്യക്തികളോട് കരുതലോ കരുണയോ ഇല്ലാത്തവരാണ്’ എന്ന കുറ്റപ്പെടുത്തലോടെയാണ് അവര്‍ കുറിപ്പ് ആരംഭിച്ചത്. 2023 ഡിസംബര്‍ 5-ന് ദില്ലിയില്‍ നിന്ന് മുംബൈയിലെത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിയതിന് ശേഷം 40 മിനിറ്റോളം താന്‍ വിമാനത്തില്‍ ആരെങ്കിലും തന്നെ ഒന്ന് പുറത്തിറക്കാന്‍ എത്തുന്നതും കാത്തിരുന്നു എന്നാണ് വിരാലിയുടെ വെളിപ്പെടുത്തല്‍
താന്‍ വിമാനത്തിലുള്ള കാര്യം ക്യാബിന്‍ ക്രൂ മറന്നുപോയെന്നും വിമാനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ പ്രവര്‍ത്തിക്കാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും വിരാലി പറഞ്ഞു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങിയിട്ടും സ്വന്തം വീല്‍ചെയറിാനായി ബാഗേജ് കൗണ്ടറില്‍ ഒരു മണിക്കൂറോളം കാത്തിരുന്നു എന്നും വീരാലി ആരോപിച്ചു. അതോടൊപ്പം തന്റെ ശരീരത്തിന് ആശ്വാസം പകരുന്നതിനായി വീല്‍ചെയറില്‍ ഘടിപ്പിച്ചിരുന്ന കുഷ്യന്‍ ഇതിനിടയില്‍ നഷ്ടമായെന്നും വീരാലി പറഞ്ഞു.
‘ആദ്യം, നിങ്ങള്‍ എന്റെ മാനം മോഷ്ടിച്ചു, പിന്നെ നിങ്ങള്‍ എന്റെ സ്വാതന്ത്ര്യം മോഷ്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ എന്റെ മനസ്സമാധാനം മോഷ്ടിക്കുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സ്, നിങ്ങള്‍ക്ക് നാണമില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഒടുവില്‍ വീരാലി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് എയര്‍ലൈന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. .