വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തണം : മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡിസംബര്‍ 10, 11, 12 തീയതികളില്‍ ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി മണ്ഡല അടിസ്ഥാനത്തിലുള്ള സംഘാടകസമിതി രൂപീകരണ യോഗം ചെറുതോണി ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 5 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബര്‍ 10 ന് തൊടുപുഴ , 11 ന് ഇടുക്കി , ദേവികുളം , ഉടുമ്പന്‍ചോല , 12 ന് പീരുമേട് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.