ഇടുക്കി – കയ്യേറ്റ ഒഴിപ്പിക്കൽ തുടരുമെന്ന് ജില്ലാ കളക്ടർ, ഇന്ന് ദേവികുളം താലൂക്കിൽ ആനവിരട്ടി വില്ലേജിൽ അനധികൃതമായി കൈവശം വച്ചിരുന്ന 90.3645 ഹെക്ടർ ( 224.21 ഏക്കർ) സ്ഥലവും അതിലെ കെട്ടിടവും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഏറ്റെടുത്തു . സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സർക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടർന്നാണ് നടപടി . ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്. കെട്ടിടം സീൽ ചെയ്ത് സർക്കാർ ഭൂമിയാണെന്ന് കാണിക്കുന്ന ബോർഡും സ്ഥാപിച്ചു.
ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ താവളം സർവ്വ നം. 209/2-ൽ ഉൾപ്പെടുന്ന 02.2482 ഹെക്ടർ (5.55 ഏക്കർ) സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റവും ഇന്ന് ഒഴിപ്പിച്ചു. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തിൽ റവന്യൂ ,പൊലീസ്, ഭൂസംരക്ഷണസേന എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് കയ്യേറ്റം ഒഴിപ്പിച്ചത് . സ്ഥലം ഏറ്റെടുക്കുകയും അവിടെ ഉണ്ടായിരുന്ന കെട്ടിടം സീൽ ചെയ്ത് സർക്കാർ അധീനതയിലാണെന്ന് എന്ന് സൂചിപ്പിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന അവകാശം ഉയർന്നിരുന്നു. എന്നാൽ പട്ടയം ലഭിക്കുന്നതിന് അർഹമായ രീതിയിൽ ചട്ടം അനുശാസിക്കുന്ന പ്രകാരം 1971 നു മുൻപ് കക്ഷിക്കോ മുൻഗാമികൾക്കോ കൈവശമില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. പട്ടയത്തിനുള്ള അർഹത ഇല്ലെന്ന് തുടർ അന്വേഷണത്തിൽ ബോധ്യപ്പെടുകയും ഇക്കാര്യങ്ങൾ കക്ഷികളെ നിയമാനുസൃതം അറിയിക്കുകയും ചെയ്തു.
നിയമപരമായ യാതൊരു പിൻബലവും ഇല്ലാതിരുന്ന കയ്യേറ്റമാണ് ഒഴിപ്പിച്ചിട്ടുള്ളതെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്ജ് വ്യക്തമാക്കി . പട്ടയം ലഭിക്കുന്നതിനുള്ള അർഹത പരിശോധിച്ച് നിയമപരമായ നടപടികൾ പാലിച്ച് മാത്രമേ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുകയുള്ളൂ. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് അനധികൃത കയ്യേറ്റങ്ങൾക്കെതിരായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെതിരായുള്ള ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ജില്ലാ കളക്ടർ അറിയിച്ചു .