കട്ടപ്പന. കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു
കാഞ്ചിയാർ കോഴിമലയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു വീണു.കോഴിമല അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് ഇന്ന് രാവിലെ എട്ടരയോടെ ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് ഇടിഞ്ഞുവീണത്.
ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രണ്ടുദിവസമായി തുടരുന്ന മഴയിൽ വ്യാപക നാശനഷ്ടമാണ് ഓരോ മേഖലയിലും ഉണ്ടാകുന്നത്. ഇന്ന് രാവിലെ ഉണ്ടായ മഴയെ തുടർന്ന് കാഞ്ചിയാർ പഞ്ചായത്ത് ഒന്നാം വാർഡ് അമ്പലഭാഗം കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീട് പൂർണമായും തകർന്നടിഞ്ഞു. ആദ്യം അടുക്കള ഭാഗം തകർന്നതോടെ വീട്ടിലുണ്ടായിരുന്നവർ ഓടി പുറത്തേക്ക് ഇറങ്ങി. തുടർന്ന് ഉടൻതന്നെ വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു. സംഭവ സമയം സുമേഷും ഭാര്യ ആതിരയും, ഒന്നര വയസും മൂന്നര വയസും പ്രായമായ കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു. മേഖലയിൽ ശക്തമായ മഴയാണ് ഇപ്പോഴും തുടരുന്നത്.വീട് തകർന്നതോടെ ബാക്കിയായ സാധനസാമഗ്രികളുമായി സമീപത്തെ ഷെഡിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി മാറിയിരിക്കുകയാണ് ഈ കുടുംബം . അടിയന്തരമായി ഇവർക്ക് പുനരധിവസിക്കാൻ വീടടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്..