fbpx

ഐ.പി.സി ഇനി ഭാരതീയ ന്യായ സംഹിത, ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യൻ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു.

ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നിവയാണ് ബില്ലുകള്‍. ഐ.പി.സിക്ക് പകരമുള്ള പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തുന്നത് പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പുതിയ ബില്ലുകള്‍ നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് സഭയ്ക്ക് ഉറപ്പ് നല്‍കാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

ബില്ലുകള്‍ സമഗ്ര പരിശോധനയ്ക്കായി പാര്‍ലമെന്ററി പാനലിന് റഫര്‍ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. കൊളോണിയല്‍ കാലത്തെ ബില്ലുകളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു.1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ ബ്രിട്ടീഷുകാരാല്‍ നിര്‍മിതമായ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിച്ചു. നീതി നടപ്പാക്കുന്നതിനുപകരം ശിക്ഷയിലാണ് അത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

പുതുതായി അവതരിപ്പിച്ച മൂന്ന് നിയമങ്ങളിലൂടെയും ഇന്ത്യയിലെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് മുൻഗണന നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

Share the News