നിലമ്ബൂര്‍: കേരളത്തിലെ ഏറ്റവും സുന്ദരമായ റെയില്‍പാതയാണ് നിലമ്ബൂര്‍-ഷൊര്‍ണൂര്‍ റൂട്ട്. അവധി ദിവസങ്ങളിലും അല്ലാതെയും രാവിലത്തെ ട്രെയിനുകളില്‍ എത്തി നിലമ്ബൂരിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ടത്തെയോ രാത്രിയിലെയോ ട്രെയിനില്‍ മടങ്ങുന്നവരേറെയാണ്.
പക്ഷേ, ഈ വിനോദസഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള ഒരു സംവിധാനം പോലും നിലമ്ബൂരിലില്ല എന്നതാണ് ഏറെ കഷ്ടം.
തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ആഢ്യൻപാറ, നെടുങ്കയം എന്നീ ഔദ്യോഗിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്കു പുറമേ കക്കാടം പൊയിലിലെയും ടികെ കോളനിയിലെയുമൊക്കെ റിസോര്‍ട്ട് കേന്ദ്രീകൃത ടൂറിസത്തിലേക്കുവരെ നീണ്ടുകിടക്കുന്ന സാധ്യതയാണ് ഈ റെയില്‍വേക്കുള്ളത്. ട്രെയിനില്‍ നിലമ്ബൂരിലെത്തുന്നവര്‍ വഴിയറിയാതെ വിഷമിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംവിധാനമൊരുക്കേണ്ടത് അത്യാവശ്യമാണ്. ഐആര്‍ടിസിയുടെ ടൂറിസം പാക്കേജില്‍ നിലമ്ബൂരിനും ഇടം കൊടുക്കുക, കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടും വിധത്തില്‍ ഏകദിന നിലമ്ബൂര്‍ ടൂര്‍ പാക്കേജ്, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ വിനോദ സഞ്ചാരികള്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടെ സാധ്യതയുണ്ട്.
റെയില്‍ മ്യൂസിയം പോലുള്ള സൗകര്യമൊരുക്കിയാല്‍ വിദ്യാര്‍ഥികളുടെ പഠനയാത്രയില്‍ നിലമ്ബൂര്‍ സ്റ്റേഷനും സ്ഥിരം ഇടമാകും. ഇതിനു പുറമേ താമസ, വിശ്രമ സൗകര്യങ്ങള്‍, ശുചിമുറി എന്നിവയുടെ വികസനം, മികച്ച ഭക്ഷണ-പാനീയ കേന്ദ്രങ്ങള്‍, നിലമ്ബൂരിന്റെയും മലപ്പുറത്തിന്റെയും പൈതൃക-കരകൗശല വസ്തുക്കളുടെ വിപണനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം പാതയെ വിനോദസഞ്ചാര സൗഹൃദമാക്കും.
പത്ത് വര്‍ഷം മുൻപുവരെ നിലമ്ബൂരില്‍ വര്‍ഷം തോറും 3000 വിനോദ സഞ്ചാരികള്‍ കേരളത്തിനു പുറത്തു നിന്ന് എത്തുന്നുണ്ടെന്ന് ടാറ്റ കണ്‍സള്‍ട്ടൻസി അക്കാലത്ത് നടത്തിയ സര്‍വേയില്‍ പറയുന്നത്. ഇന്ന് അത് പതിന്മടങ്ങായിട്ടുണ്ടെന്നുറപ്പാണ്. ഇപ്പോഴാകട്ടെ, ലേണിങ് സിറ്റിയെന്ന പദവിയുള്ളതിനാല്‍ നിലമ്ബൂരിന്റെ പൈതൃകവും സംസ്കാരവും സൗന്ദര്യവുമെല്ലാം ലോകത്തെ മുന്നൂറിലേറെ നഗരങ്ങളുമായി പങ്കുവയ്ക്കാനുള്ള വിശാല സാധ്യതയുമുണ്ട്. ഇതിലൂടെ രാജ്യാന്തര വിനോദ സഞ്ചാരികളെത്തന്നെ ഇങ്ങോട്ടെത്തിക്കാനുള്ള സാഹചര്യമുണ്ട്. പൈതൃക സ്വഭാവമുള്ള നിലമ്ബൂര്‍ -ഷൊര്‍ണൂര്‍ പാതയിലേക്കു കൂടി അവരുടെ ശ്രദ്ധയാകര്‍ഷിച്ചാല്‍ മെച്ചം റെയില്‍വേക്കു തന്നെ.