40 വയസ്സുകഴിഞ്ഞവരിലെ വാര്‍ദ്ധക്യത്തിൻ്റെ ലക്ഷണങ്ങളറിയണോ?
40 വയസിന് ശേഷമാണ് ശരീരം വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നത്

വാര്‍ദ്ധക്യം ഒരു സ്വാഭാവിക പ്രക്രീയയാണെങ്കിലും പലര്‍ക്കും പ്രായമാകുന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. 40 വയസ്സുമുതലാണ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നത്. വാര്‍ദ്ധക്യം അനിവാര്യമാണെങ്കിലും വാര്‍ദ്ധക്യ സമയത്ത് ആരോഗ്യത്തോടെയിരിക്കേണ്ടത് ശാരീരികവും മാനസികമായും അത്യാവശ്യമാണ്. 40 വയസിന് മുകളിലുളളവരില്‍ കാണപ്പെടുന്ന വാര്‍ദ്ധക്യത്തിൻ്റെ ലക്ഷണങ്ങളും വാര്‍ദ്ധക്യം പതുക്കെയാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളും അറിയാം.

ചുളിവുകളും നേര്‍ത്ത വരകളും
മുഖത്ത് ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യത്തെ ഘടകമാണ്. ചര്‍മ്മത്തിന് ഇലാസ്തികതയും പ്രോട്ടീനും നല്‍കുന്ന കൊളാജന്‍, ഏലാസ്റ്റിന്‍ പ്രോട്ടീനുകള്‍ ഇവയുടെയൊക്കെ അഭാവം ഉണ്ടാകുന്നതാണ് ചുളിവുകള്‍ക്ക് കാരണം. ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് ചര്‍മ്മം തൂങ്ങാന്‍ തുടങ്ങുമ്പോള്‍ കണ്ണ്, വായ എന്നിവയുടെ ഭാഗങ്ങളില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടുന്നു. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ലഭിക്കാത്തതുകൊണ്ട് കോശങ്ങള്‍ നന്നാക്കിയെടുക്കാന്‍ താമസം വരികയും ചര്‍മ്മം വരണ്ടതാകുകയും പരുക്കനാവുകയും ചെയ്യും. ഇതോടൊപ്പം സൂര്യപ്രകാശമേല്‍ക്കുകയും പുകവലിക്കുകയും സമ്മര്‍ദ്ദമുണ്ടാവുകയും കൂടി ചെയ്യുമ്പോള്‍ ചുളിവുകള്‍ വര്‍ധിക്കുന്നു. നന്നായി വെളളം കുടിക്കുകയും സൂര്യപ്രകാശമേല്‍ക്കുന്നത് കുറയ്ക്കുകയും മനസിന്റെ അസ്വസ്ഥത കുറയ്ക്കുകയും ചെയ്താല്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയാന്‍ സാധിക്കും.

മുടികൊഴിച്ചില്‍
40കളിലെത്തുമ്പോള്‍ മുടികൊഴിയുന്നത് സ്വാഭാവികമാണ്. വാര്‍ദ്ധക്യം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീ ഹോര്‍മോണായ ഇസ്‌ട്രൊജനും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവിലും കുറവുണ്ടാകുമ്പോഴാണ് മുടിവളര്‍ച്ചയെ ബാധിക്കുന്നത്. മുടിയുടെ കനം കുറയുകയും ചെയ്യും. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെയും മുടി സംരക്ഷിക്കുന്നതിലൂടെയും മുടികൊഴിച്ചില്‍ കുറയ്ക്കാനാവും.

പേശികളുടെ ആരോഗ്യം കുറഞ്ഞ് ശരീരം ദുര്‍ബലമാകുന്നു
പ്രായംകൂടിവരുമ്പോള്‍ സാര്‍കോപീനിയ ( പ്രായംകൂടിവരുന്നത് അനുസരിച്ച് പേശികളുടെ അളവ്,ശക്തി എന്നിവ കുറയുന്ന അവസ്ഥ)ഉണ്ടാകുന്നു. പ്രായംകൂടുമ്പോള്‍ പേശികളുടെ അളവ് പത്ത് വര്‍ഷത്തില്‍ 8 ശതമാനമാണ് കുറയുന്നത്. പേശികളുടെ അളവ് കുറയുന്നത് മെറ്റബോളിസത്തെയും ശരീരത്തിന്റെ ബലത്തെയും ദുര്‍ബലപ്പെടുത്തും. പേശികളുടെ ബലവും ആരോഗ്യവും വീണ്ടെടുക്കാന്‍ വ്യായാമങ്ങള്‍ ശീലമാക്കുക.

ശരീരഭാരം വര്‍ദ്ധിക്കുന്നു
40 വയസിന് ശേഷം ശരീരത്തിന്റെ ഉപാപചനിരക്ക് കുറയുന്നു.പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ വണ്ണം വയ്ക്കുന്നു എന്ന് പലരും പറയുന്നതിന് കാരണം ഇതാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രധാനമായും വയറിന്റെ ഭാഗത്താണ്. ഇത് ഹൃദ്രോഗത്തിനും പ്രമേഹത്തിനും സാധ്യത വര്‍ധിപ്പിക്കുന്നു. പഴയതുപോലെ ഭക്ഷണം കഴിക്കുന്നവരിലും ശരീരഭാരം വര്‍ധിക്കും. കാരണം വിശ്രമവേളകളില്‍ പ്രവര്‍ത്തിക്കാന്‍ ശരീരത്തിന് കൂടുതല്‍ കലോറി ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം.

വരണ്ട ചര്‍മ്മവും നിറവ്യത്യാസവും
പ്രായമാകുമ്പോള്‍ ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാകുന്നു. കാരണം ചര്‍മ്മത്തില്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിന്റെ അളവ് കുറയുകയും തന്മൂലം ചര്‍മ്മം വരണ്ടതാവുകയും ചെയ്യും.മാത്രമല്ല ചര്‍മ്മത്തിന്റെ പാടുകളും നിറവ്യത്യാസങ്ങളും ഉണ്ടാകുന്നു. സൂര്യപ്രകാശമേല്‍ക്കുന്ന ചര്‍മ്മഭാഗങ്ങളിലാണ് ഇങ്ങനെ കാണപ്പെടുന്നത്.ചര്‍മ്മ കോശങ്ങളെ സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ വരള്‍ച്ച അകറ്റാനും ദിവസവും മോയ്‌സ്ചറൈസിംങ് ക്രീം ഉപയോഗിക്കുകയും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്.

അസ്ഥികളുടെ ബലം കുറയുന്നു
മനുഷ്യശരീരത്തില്‍ അസ്ഥികളുടെ പിണ്ഡം കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. ഇത് ഓസ്റ്റിയോപോറിസിസ് (അസ്ഥികള്‍ ദുര്‍ബലമാകുകയും ഒടിയുകയും ചെയ്യുന്ന രോഗം)ഉണ്ടാകാനിടയാക്കുന്നു. അസ്ഥികളുടെ സാന്ദ്രത കുറയുന്നത് അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഒടിവുകള്‍ ഉണ്ടാകാനും കാരണമാകുന്നു. ഇത് ശരീര ചലനങ്ങള്‍ വേദനാജനകമാക്കുന്നു. നടത്തം, ഭാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ ഇവ ചെയ്യുന്നവര്‍ക്ക് അസ്ഥികളെ ബലപ്പെടുത്താനും സന്ധികളില്‍ വഴക്കമുണ്ടാകാനും സഹായകമാകും.

ഓര്‍മ്മക്കുറവും ചിന്തകളിലെ വേഗത കുറവും
40 വയസിന് മുകളില്‍ പ്രായമുളളവരില്‍ ഓര്‍മ്മകുറയുന്നതും ചിന്തകളുടെ വേഗത കുറയുന്നതും ഒരു പ്രശ്‌നമാണ്. പ്രായമാകുമ്പോള്‍ തലച്ചോറിന് വിവരങ്ങള്‍ പ്രോസസ് ചെയ്യാനുള്ള വേഗത കുറയുകയും വിശദാംശങ്ങള്‍ ഓര്‍മ്മിച്ചെടുക്കാനുള്ള കഴിവ് കുറയുകയും ചെയ്യും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ പുതിയ കഴിവുകള്‍ തേടുകയും വ്യത്യസ്തമായ കാര്യങ്ങളില്‍ വ്യാപൃതരാകുകയും ചെയ്യണം. മതിയായ വിശ്രമവും ശരിയായി ഭക്ഷണം കഴിക്കലും ശരീര വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും.