ലാലു പ്രസാദ് യാദവും നിതീഷ് കുമാറും; ബിഹാറിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടിൻ്റെ കഥ

പട്ന കാമ്പസിൽ ഇന്ദിര ഗാന്ധിക്കെതിരായ പോരാട്ടത്തിലൂടെ തുടക്കമിട്ട രാഷ്ട്രീയ യാത്രയുടെ തുടർച്ചയിൽ ലാലുവും നിതീഷും കടന്നുപോയത് അസാധാരണ വഴികളിലൂടെ

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ ബിഹാറിന്റെ രാഷ്ട്രീയ ചരിത്രം ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും കൂടിയാണ്. ഇണങ്ങിയും പിണങ്ങിയും പോ‍ർ വിളിച്ചും ഇരുവരും നടത്തിയ രാഷ്ട്രീയ പോരാട്ടമാണ് ബിഹാർ ഭരണ‌ത്തിന്റെ ഗതി വിഗതികളെ നി‍ർണയിച്ചത്. പട്ന കാമ്പസിൽ ഇന്ദിര ഗാന്ധിക്കെതിരായ പോരാട്ടത്തിലൂടെ തുടക്കമിട്ട രാഷ്ട്രീയ യാത്രയുടെ തുടർച്ചയിൽ ലാലുവും നിതീഷും കടന്നുപോയത് അസാധാരണ വഴികളിലൂടെ.

1970കളിൽ പട്നയിൽ വിദ്യാർഥി രാഷ്ട്രീയ കാലത്താണ് ലാലുവും നിതീഷും തമ്മിൽ കണ്ടുമുട്ടുന്നത്. ജയപ്രകാശ് നാരായണന്റെ സമ്പൂ‍ർണ ക്രാന്തി പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികളായിരുന്നു ഇരുവരും. ഇന്ദിരാ വിരുദ്ധ പ്രക്ഷോഭങ്ങളിൽ കലുഷിതമായ ക്യാംപസുകളിൽ ഇരുവരും വിദ്യാ‍‍‍ർഥികളെ സംഘടിപ്പിച്ചു. പട്ന സർവകലാശാല വിദ്യാ‍ർഥി യൂണിയന്റെ പ്രസിഡന്റായാണ് ലാലു ശ്രദ്ധ നേടുന്നത്. ബിഹാ‍ർ എൻജിനീയറിങ് കോളജിലെ വിദ്യാ‍ർഥി നേതാവായിരുന്നു നിതീഷ്. പഠനത്തിനു ശേഷം ബിഹാർ വൈദ്യുതി വകുപ്പിൽ ജോലിക്കു കയറിയ നിതീഷ് ഇതുപേക്ഷിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാലം മുതലെ ക്രൗഡ് പുള്ളറായിരുന്നു ലാലു. അണിയറയിൽ തന്ത്രങ്ങൾ മെനയുന്നതിലായിരുന്നു നിതീഷ് ആദ്യ കാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ബിഹാറിൽ അനുദിനം ശക്തിയാ‍ർജിച്ചു കൊണ്ടിരുന്ന ജനതാ പാർട്ടിയുടെ കരുത്തരായ നേതാക്കളായി ഇവർ മാറി.

ഒരേ വർഷമാണ് ഇരുവരും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ലാലു ഉജ്ജ്വല വിജയം നേടിയപ്പോൾ നിതീഷ് കന്നി മത്സരത്തിൽ പരാജയപ്പെട്ടു. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാപ്ര മണ്ഡലത്തിൽ നിന്നും ജയിക്കുമ്പോൾ ലാലുവിനു പ്രായം 29 വയസ്സ് മാത്രം. ഇന്ദിരാവിരുദ്ധ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിൽ 3.73 ലക്ഷം വോട്ടുകളുടെ വിജയം ബിഹാർ രാഷ്ട്രീയത്തിൽ ലാലുവിനെ ശ്രദ്ധേയനാക്കി. എന്നാൽ അതേ വ‍‌‍ർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹ‍ർനത് മണ്ഡലത്തിൽ നിതീഷ് പരാജയപ്പെട്ടു.1979ൽ ജനതാപാ‍ർട്ടിയിലുണ്ടായ പിളർപ്പിൽ ഇരുവരും ചരൺസിങ്ങിന്റെയും ക‍ർപൂരി താക്കൂറിന്റെയും നേതൃത്വത്തിലുള്ള ലോക്ദളിന്റെ ഭാഗമായി. ഈ കാലത്താണ് ഇരുവരുടെയും സുഹൃത്ത് ബന്ധം ശക്തമാകുന്നത്. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാപ്രയിൽ പരാജയപ്പെട്ടതോടെ ലാലുവും സംസ്ഥാന രാഷ്ട്രീയത്തിലേക്കു കളംമാറി. 1980ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മാറ്റുരച്ചു. സോനാപുരിൽ ലാലു ജയിച്ചപ്പോൾ ഹർനത്തിൽ നിതീഷ് വീണ്ടും പരാജയം രുചിച്ചു. 1985ലാണ് ഇരുവരും ഒരുമിച്ച് നിയമസഭയിലെത്തുന്നത്. ലാലു സോനോപു‍ർ നിലനിർത്തിയപ്പോൾ മൂന്നാം അങ്കത്തിൽ ഹർനത്തിൽ നിതീഷും വിജയം കണ്ടു. ബിഹാറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ നിതീഷിനു ആദ്യ വിജയത്തിനായി മൂന്നാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നതും ശ്രദ്ധേയം.