സർക്കാർ ജോലി വാഗ്ദാനം ചെയ്തു 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം ബെന്നി പെരുവന്താനം പൊലീസിൽ കീഴടങ്ങി.

സർക്കാർ ജോലി വാഗ്ദാനം ചെയ്തു 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം ബെന്നി പെരുവന്താനം പൊലീസിൽ കീഴടങ്ങി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നു ബെന്നി വാഗമൺ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

വ്യാജ അഡ്വൈസ് മെമ്മോയും ഇന്റർവ്യൂ കാർഡും നൽകി പണം കബളിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിൻ (ഭുവനചന്ദ്രൻ) എന്നിവർ പിടിയിലാകാനുണ്ട്. വണ്ടിപ്പെരിയാർ സ്വദേശി ഫൈസലിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.ഏലപ്പാറ ബോണാമി വാരത്ത് കരോട്ട് ബെന്നിയുടെ പരാതിയിലാണു വാഗമൺ പൊലീസ് കേസെടുത്തത്. ബെന്നിയുടെ മകൻ അഖിലിന് ഇടുക്കി ആയുർവേദ കോളജിൽ ആയുർവേദ തെറപ്പിസ്റ്റായും മരുമകൾക്കു തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ നഴ്സായും ജോലി നൽകാമെന്നു പറഞ്ഞു പണം തട്ടിയെന്നാണു കേസ്.