ബാൺഗളൂരു: കർണാടകയില്‍ സ്വകാര്യ ബസ് നിരക്കുകളില്‍ കുത്തനെയുള്ള വർധന വരും

ബാൺഗളൂരു: കർണാടകയില്‍ സ്വകാര്യ ബസ് നിരക്കുകളില്‍ കുത്തനെയുള്ള വർധന വരും. നിരക്കുകള്‍ 10-20% വരെ വർദ്ധിക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

മെയ് 20 മുതല്‍ക്കാണ് നിരക്കുവർധന നിലവില്‍ വരിക. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) നല്‍കിയ ബസ് ഓപ്പറേറ്റർമാർ മാത്രമാണ് നിരക്ക് വർദ്ധിപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന കർണാടകയില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളില്‍ നിരക്ക് ഉയരുമെന്നുറപ്പായി. ഇതിനകം തന്നെ ചില ഓപ്പറേറ്റർമാർ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. 899 രൂപയായിരുന്ന ബെംഗളൂരു-മംഗളൂരു റൂട്ടിലെ നിരക്ക് ഇപ്പോള്‍ ചില ബുക്കിങ് വെബ്‌സൈറ്റുകളില്‍ 1,100 – 1,200 രൂപ വരെയായി ഉയർന്നു.

അതെസമയം സംസ്ഥാനത്ത് ഓടുന്ന സ്റ്റേജ് കാര്യേജ് പെർമിറ്റ് ബസ്സുകളില്‍ നിരക്ക് ഉയരില്ല. ദൈനംദിന യാത്രകള്‍ ചെലവേറിയതാകില്ലെന്ന് ചുരുക്കം. എന്നാല്‍ ബെംഗളൂരുവിലും മൈസൂരുവിലുമെല്ലാമുള്ള മലയാളികള്‍ക്ക് നാട്ടിലേക്കുള്ള യാത്രാച്ചെലവ് ഉയർന്നേക്കും.

ഈ ആഴ്ച അവസാനം സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍

ബസ് നിരക്കുകള്‍ വർധിപ്പിക്കാതെ മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ബസ് അസോസിയേഷൻ പറഞ്ഞു. 300-400 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രകള്‍ക്ക് 150-200 രൂപ വരെ നിരക്ക് കൂടും. ഡീസല്‍ നിരക്കില്‍ വന്നിട്ടുള്ള വർധന പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്. അടുത്ത ആഴ്ച ഡീസല്‍ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതിനനുസരിച്ച്‌ ടിക്കറ്റ് വിലകള്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും സംഘടന പറയുന്നു. ടോള്‍ ചാർജുകളില്‍ 5% വർദ്ധനവ് ഉണ്ടായി. കൂടാതെ, ഒരു ലക്ഷം രൂപ മുതല്‍ 1.9 ലക്ഷം രൂപ വരെ ഓരോ മൂന്ന് മാസം കൂടുമ്പോഴും റോഡ് നികുതി വരുന്നുണ്ട്. ഏറെ നഷ്ടം സഹിച്ചാണ് മുമ്പോട്ട് പോകുന്നതെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ബസ് അസോസിയേഷൻ വ്യക്തമാക്കി.

ദീർഘദൂര ബസ്സുകള്‍ക്ക് ഒരു യാത്രയ്ക്ക് ഏകദേശം 150 ലിറ്റർ ഡീസല്‍ വേണം. ഡീസല്‍ വിലയിലെ 3 രൂപ കൂടിയതോടെ ഒരു യാത്രയ്ക്ക് 450 മുതല്‍ 1,000 രൂപ വരെ ചെലവ് കൂടുകയാണ്. അതെസമയം ദീർഘദൂരയാത്രയ്ക്ക് ബസ്സുകളെ ആശ്രയിക്കുന്ന മലയാളികളടക്കമുള്ളവർക്ക് ഇത് വൻ തിരിച്ചടിയാണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നവര്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് പോകാറുണ്ട്. ഈ യാത്രയുടെ ചെലവ് വലിയ തോതില്‍ ഉയരും. വാരാന്ത്യങ്ങളിലെ യാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് സാധാരണയെക്കാള്‍ ഉയരും. 200-300 രൂപ ഓരോ യാത്രയ്ക്കും കൂടും.