കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച കേന്ദ്ര മന്ത്രി അഡ്വ.ജോർജുകുര്യന്റെ പ്രചരണത്തിനായി ബിജെപി പുറത്തിറക്കിയ പ്രചരണ വാഹനം ഉപയോഗിച്ചില്ല എന്നത് വിവാദമാകുന്നു.
ബിജെപിയുടെ ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് ആണ് ഇതുവരെ രാഷ്ട്രീയ പ്രചരണങ്ങളിൽ കണ്ടിട്ടില്ലാത്ത രീതിയിൽ അതിമനോഹരമായ പ്രചരണ രഥമായി അണിയിച്ചൊരുക്കിയത്.
സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും എല്ലാം ഇവയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറൽ ആവുകയും ചെയ്തിരുന്നു. വ്യത്യസ്തമായ പ്രചരണം എന്ന നിലയിൽ വൻ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഈ വാഹനത്തിന് ലഭിച്ചത്.
എന്നാൽ ഈ വാഹനം ബിജെപി പ്രചരണത്തിന് ഉപയോഗിച്ചില്ല എന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിച്ച നേതാക്കന്മാരിൽ ചിലരുടെ പിടിവാശി മൂലമാണ് ഈ വാഹനം നിരത്തിലിറങ്ങാത്തത് എന്നാണ് പറയപ്പെടുന്നത്.
ഈ വാഹനം നിരത്തിലിറങ്ങിയിരുന്നെങ്കിൽ ബിജെപിക്ക് അനുകൂലമായ വലിയ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
മികച്ച സ്ഥാനാർത്ഥി എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര മന്ത്രി ജോർജ് കുര്യന് 26,000ത്തിൽ പരം വോട്ടുകൾ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
2016 ന് ശേഷമുള്ള എല്ലാ ലോക്സഭ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരം വോട്ടുകൾ ലഭിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോളിളക്കം സൃഷ്ടിക്കേണ്ട വാഹനം കട്ടപ്പുറത്ത് ആക്കിയതും വോട്ട് ചോർച്ചയും തമ്മിൽ കൂട്ടി വായിക്കുമ്പോൾ വിവാദങ്ങൾ ഇനിയും ചൂടുപിടിക്കും എന്നത് തീർച്ചയാണ്.
