മലപ്പുറത്തെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിയിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; കേസ് എൻഐഎ ഏറ്റെടുത്തു

കൊച്ചി: മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിലെ ചരക്കിനടിയിൽ വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയ സംഭവം എൻഐഎ അന്വേഷിക്കും. കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി കേസ് കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടിയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.  448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 10,500 നോൺ ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്.  കർണാടകയിലെ ബിജാപൂരിൽ നിന്നാണ് ഇവ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃത ക്വാറിക്ക് വേണ്ടി എത്തിയതാണ് ഇവ എന്നാണ് പൊലീസിനറെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ പിന്നീട് കേസ് അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനോ പ്രതികളിലേക്ക് എത്താനോ പൊലീസിന് സാധിച്ചില്ല.

തിരൂരങ്ങാടിയിലെ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ്   പാലക്കാട് നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. തണ്ണിമത്തൻ ലോഡിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പാലക്കാട് പിടികൂടിയത്. ഇത്തരത്തിലുള്ള നൂറിലധികം പെട്ടികളാണ് പിടിച്ചെടുത്തത്.  ഇതുമായി ബന്ധപ്പെട്ടും എൻഐഎ  വിവരം ശേഖരിച്ചിരുന്നു