തൃശൂർ: ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ കേരള ടൈംസ് ന്യൂസിനോട് പറഞ്ഞു. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ് തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടും. തൃശൂർ ജില്ലയിൽ 7 വീടുകൾ ഭാഗീകമായി തകർന്നു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി….
ഇന്നലെ തൃശ്ശൂര്‍ അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം എന്താണെന്നാണ് കളക്ടര്‍ പരിശോധിക്കുന്നത്. അതേസമയം മുനയം ബണ്ട് തുറന്നിട്ടുണ്ട്. മഴക്കെടുതിയിൽ തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം മണ്ണിടിച്ചിലുണ്ടായി. ഇന്ന് പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ഇവിടെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശ്ശൂർ ചേറ്റുപുഴ റോഡിൽ ഒരു വലിയ മാവ് കടപുഴകി വീണു. പുലർച്ചെ നാലിന് റോഡിനു കുറുകെ 11 കെവി ലൈനിനു മുകളിലേക്കാണ് വീണത്. തൃശ്ശൂർ അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സംഘം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്തു….