* ഇടുക്കി – തേക്കടി /ചിത്രാപൗര്‍ണമിയില്‍ ജ്വലിച്ച് മംഗളാദേവി ക്ഷേത്രം*
**ദര്‍ശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം*
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തിയത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകള്‍ നടന്നു.
അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. വള്ളിയന്‍ കാവ് മേല്‍ശാന്തിയായ വാസുദേവന്‍ നമ്പൂതിരി പൂജകള്‍ക്ക് നേതൃത്വം നല്‍കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു.
തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്.
ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള – തമിഴ്നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്.
കുമളി ബസ്സ്റ്റാന്‍ഡ്, അമലാംമ്പിക സ്‌കൂള്‍, കൊക്കരകണ്ടം എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധിച്ചാണ് മുകളിലേക്ക് കയറ്റിവിട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്‍കി വാഹന സൗകര്യം, മലയാളത്തിലും തമിഴിലും ദിശാ സൂചന ബോര്‍ഡുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റും ഒരുക്കിയിരുന്നു.
സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റും പ്രഥമശുശ്രൂഷ നല്‍കാന്‍ മെഡിക്കല്‍ സംഘത്തെയും കാര്‍ഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലന്‍സ് സൗകര്യവും മലമുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ഘട്ടത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ അഗ്നിരക്ഷാസേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു..