fbpx

നാല് മണിക്കൂർ വൈകി തൃശ്ശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചു; ആദ്യം പാറമേക്കാവ്, തുടർന്ന് തിരുവമ്പാടി….

തൃശ്ശൂർ: പോലീസുമായുള്ള തർക്കത്തെത്തുടർന്ന് നിർത്തിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നാല് മണിക്കൂർ വൈകി ആരംഭിച്ചു. ആദ്യം പാറമേക്കാവിൻറെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടക്കുന്നത്. പുലർച്ചെതന്നെ മന്ത്രി കെ. രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലർച്ചെതന്നെ നടത്താനും തീരുമാനമായത്….

പോലീസിൻറെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാർ കേരള ടൈംസ് ന്യൂസിനോട് പറഞ്ഞു. ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപി അടക്കമുള്ളവർ രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലെത്തിയിരുന്നു.

വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുന്നേതന്നെ പോലീസ് ആളുകളെ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകൾ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെ രാത്രിപൂരം പകുതിയിൽവെച്ച് അവസാനിപ്പിക്കുകയായിരുന്നു.

തിരുവമ്പാടിയുടെ രാത്രി ചടങ്ങ് ഒരു ആനയെ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുന്നള്ളത്ത് മാത്രമായി നടത്തി. തുടർന്ന്, പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലിൽ നിർത്തി സംഘാടകരും മടങ്ങി. പൂരം തകർക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

Share the News