fbpx

കട്ടപ്പന കുട്ടിക്കാനം, മലയോര ഹൈവേയുടെ ഫുട്പാത്ത് ഓടകളുടെ സ്ലാബുകൾ, ഗുണനിലവാരമില്ലാത്തത്, നിർമ്മാണത്തിലെ അപാകതകൾ എന്ന് നാട്ടുകാർ.

കട്ടപ്പന /നിർമ്മാണത്തിലിരിക്കുന്ന കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടെ ഭാഗമായി റോഡിന്റെ വശങ്ങളിൽ നിർമ്മിച്ച ഫുട്പാത്ത് ഓടകൾക്കാണ് ഗുണനിലവാരമില്ലാത്തതെന്ന് നാട്ടുകാരുടെ പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഹനം കയറിയതിനെ തുടർന്ന് സ്ലാബുകൾ തകർന്നു വീണത്. 20 ദിവസത്തിന് മുൻപ് ഐടിഐ ജംഗ്ഷൻ പെട്രോൾ പമ്പിലേക്ക് കയറുന്ന ഭാഗത്ത് നിർമ്മിച്ചിരുന്ന സ്ലാബാണ് തകർന്നു വീണത്. .ഇതോടെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് വന്നത്.കൂടാതെ റോഡിന്റെ വശങ്ങളിൽ ചെയ്തിരിക്കുന്ന വിവിധങ്ങളായ ഫുട്പാത്ത് സ്ലാബുകളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ആളുകളുടെ ആരോപണം. കട്ടപ്പന കോടതിയിലേക്കും,ഫയർഫോഴ്സ് സ്റ്റേഷനിലേക്കും കയറുന്ന ഭാഗത്ത് സ്ലാബ് നിർമ്മിക്കാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിടുന്നു. ഓട നിർമ്മിക്കുവാൻ കുഴിയെടുത്ത് നാളുകൾ കഴിഞ്ഞിട്ടാണ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. ഇത് അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്സ് വാഹനങ്ങളടക്കം കടന്നുപോകുന്നതിന് വലിയ തടസ്സമാണ് ഉണ്ടാക്കുന്നത്. കൂടാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.സ്ലാബ് നിർമാണത്തിൽ ആവശ്യത്തിന് സിമന്റ് അടക്കമുള്ള മിശ്രിതങ്ങൾ ചേർക്കാതെയാണ് നിർമ്മിച്ചിട്ടുള്ളതെന്നാണ് ആളുകളുടെ പരാതി. കൂടാതെ കോൺക്രീറ്റ് പാളികളിൽ ആവശ്യത്തിനു വെള്ളമൊഴിക്കാനും നിർമ്മാണ ജോലിക്കാർ ശ്രദ്ധിക്കുന്നില്ല. ഹൈവേ നിർമ്മാണത്തിന്റെ പ്രധാന കരാറുകാരൻ ഉപ കരാറുകാർക്ക് നിർമ്മാണ പ്രവർത്തനം നൽകുകയാണ്.അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിർമ്മണം നടത്തുമ്പോൾ കരാർ മേലധികാരികൾ കൃത്യമായ ശ്രദ്ധ പുലർത്തുന്നില്ലാ എന്ന ആക്ഷേപവും ഉയരുന്നു.
മലയോര ഹൈവേ നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന ആരോപണം നിർമ്മാണം തുടങ്ങുമ്പോൾ തന്നെ ഉയർന്നിരുന്നു. അതിന് ശരിവെക്കുന്ന തരത്തിലാണ് സ്ലാബുകൾ തകരുന്നത്. കൂടാതെ നിർമ്മാണ പ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുന്നതും ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ബിഎം-ബിസി നിലവാരത്തിൽ റോഡ് നവീകരിച്ചെങ്കിലും പല മേഖലയിലും ടാറിങ് ഇളക്കി പോകുന്നതായും പരാതിയുണ്ട്. ബന്ധപ്പെട്ട അധികൃതർ ശ്രദ്ധ ചെലുത്തി റോഡ് നിർമ്മാണത്തിന്റെ അപാകത പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്..

Share the News