കൺസ്യൂമർഫെഡിന്റെ വിഷു ചന്തകൾ ഇന്നുമുതൽ
Tvm, Idk,/ കൺസ്യൂമർഫെഡിന്റെ
വിഷു ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. സംസ്ഥാനത്താകെയുള്ള 300 ഔട്ട്ലറ്റ്ലെറ്റുകളിൽ ആണ് വിഷു ചന്ത പ്രവർത്തിക്കുക. 13 ഇന സാധനങ്ങൾ കൺസ്യൂമർഫെഡിൽനിന്ന് വാങ്ങാം. ഇന്നുമുതൽ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കൺസ്യൂമർഫെഡിൽ ചന്ത പ്രവർത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൺസ്യൂമർ ഫെഡുകളിലേക്ക് എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി ആയിരിക്കും കൺസ്യൂമർഫെഡിൻ്റെ പ്രവർത്തനം.
റമദാൻ- വിഷു ചന്തകൾ തുടങ്ങാൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രചാരണവും പാടില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാമെന്നും കോടതി പറഞ്ഞിരുന്നു.
റമദാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥപ്പെടുത്തുന്നത്. ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെയാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നു എന്ന് വാഗ്ദാനം നൽകി സർക്കാർ പ്രചാരവേല നടത്തുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദ്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.