കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത്’; വി.ഡി സതീശൻ.
Tvm. കേരള സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണമെന്നും ആ ചൂണ്ടയിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിനിടെ കാപട്യത്തിന്റെ പേരാണ് പിണറായി വിജയനെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ ഭേദഗതിയിൽ മാത്രം ചർച്ച ഒതുക്കാമെന്ന് പിണറായി കരുതേണ്ടെന്നും പറഞ്ഞു. സിഎഎയ്ക്ക് എതിരായി സംഘടിപ്പിക്കപ്പെട്ട സമരങ്ങൾക്കെതിരെ ചുമത്തിയ കേസുകൾ ആദ്യം പിൻവലിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാമൂഹ്യ ക്ഷേമപെൻഷൻ ഔദാര്യമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ രംഗത്തുവന്നിരുന്നു. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്.