fbpx

വീര്യം കുറഞ്ഞ മദ്യം: കേരളത്തിൽ ആദ്യമെത്തുക ബകാർഡി

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവില്‍പ്പന ഉടന്‍ ആരംഭിക്കാൻ നീക്കം ഊർജിതമാക്കി സർക്കാരും മദ്യ കമ്പനികളും. ജി.എസ്.ടി കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശുപാര്‍ശ ചെയ്തതിന് പിന്നാലെ മദ്യകമ്പനികളും വില്‍പന നികുതി സംബന്ധിച്ച പ്രപോസല്‍ അയച്ചു തുടങ്ങി.

വീര്യം കുറഞ്ഞ മദ്യവില്‍പ്പനക്ക് ആദ്യം സർക്കാരിന് പ്രപ്രോസല്‍ അയച്ചിരിക്കുന്നത് ബകാർഡി ഇന്ത്യ ലിമിറ്റഡ് എന്ന മദ്യ കമ്പനിയാണ്. ബകാർഡിക്ക് പിന്നാലെ രാജ്യത്തെ മറ്റ് മദ്യക്കമ്പനികളും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ഈമാസം നാലാം തീയതിയാണ് ബകാർഡി സർക്കാരിന് പ്രപോസല്‍ സമർപ്പിച്ചിരിക്കുന്നത്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ശുപാര്‍ശക്ക് വിസമ്മതിച്ച നികുതി വകുപ്പ് കമ്മിഷണർ അവധിയില്‍ പ്രവേശിച്ചയുടനെ എബ്രഹാം റെന്‍ ഐ.ആര്‍.എസിന് അധിക ചുമതല നല്‍കിയാണ് ഇപ്പോള്‍ നീക്കം ശക്തമാക്കിയത്.

തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ധൃതഗതിയിലെ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ അഴിമതി നടത്താനുള്ള പരിപാടിയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിന് പിന്നില്‍ നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള സദസിനും ഏറ്റവും കൂടുതല്‍ പണം പിരിച്ചതിന് സമ്മാനം നേടിയ അഡീഷണല്‍ കമ്മീഷണര്‍ക്ക് ചാര്‍ജ് നല്‍കിയാണ് അഴിമതിക്കുള്ള നീക്കമെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവാദമായ ബ്രൂവറി അഴിമതി നീക്കം
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ബ്രുവറി ഡിസ്റ്റലറി കൊണ്ട് വരാനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആ പദ്ധതി തന്നെ വേറെ പേരില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണ്.

ലോകസഭാ ഇലക്ഷന് മദ്യരാജാക്കന്‍മാരില്‍ നിന്നുള്ള ഫണ്ട് പിരിവാണ് ലക്ഷ്യം. ബാറുകളില്‍ നിന്നുള്ള നികുതി പിരിവിലും സര്‍ക്കാര്‍ ദയനീയ പരാജയമാണ് 2015 ല്‍ ലഭിച്ച നികുതി പോലും 801 ബാറുകള്‍ ഉണ്ടായിട്ടും കിട്ടുന്ന നികുതി കേവലം 500 കോടിയില്‍ താഴെ മാത്രമാണ്.


നിലവിലുള്ള മദ്യത്തിന് ഒരു ഫുള്‍ ബോട്ടില്‍ 400 രൂപക് മുകളില്‍ ഉള്ളതിന് 251 ശതമാനവും 400 രൂപയില്‍ താഴെ യുള്ളതിന് 241 ശതമാനവുമാണ് നികുതി നിരക്ക്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് പരമാവധി കുറയ്ക്കണമെന്ന് ഡിസ്റ്റലിറികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നികുതി കമ്മീഷണറോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞത്.

ഐ.ടി പാര്‍ക്കുകളിലും മറ്റും ജോലി ചെയ്യുന്ന വനിതകളെയും വിദേശികളേയും ലക്ഷ്യമിട്ടാണ് നികുതി കുറക്കുവാന്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍,നികുതി കുറച്ച് വില കുറയുന്നതോടെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് ആളുകള്‍ ചേക്കേറുകയും ഇതിന്റെ മറവില്‍ നികുതി വെട്ടിച്ച് മദ്യവില്പന വ്യാപകമാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്.


ഇതോടെ, സര്‍ക്കാരിന് സ്വഭാവികമായി ലഭിക്കേണ്ട നികുതി ലഭിക്കാതെ വരുകയും അതിനേക്കാളുപരി ഉണ്ടാകാനിടയുള്ള സാമൂഹിക പ്രത്യാഘാതം വളരെ വലുതായിരിക്കുകയും ചെയ്യും.

നിലവില്‍ മുംബൈ ഡല്‍ഹി ബാംഗളൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഇത്തരം മദ്യം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ വെറെ ഒരു സംസ്ഥാനത്തും വ്യത്യസ്ത നികുതി നിരക്ക് ഈടാക്കാറില്ല

Share the News