പത്തനംതിട്ട: (KVARTHA) അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. ബൈക് ഓടിച്ചിരുന്ന വടശ്ശേരിക്കര സ്വദേശി അരുണ്‍കുമാര്‍ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യില്‍പടിയിലാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ അരുണ്‍കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സ്‌കൂടറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലുള്ള പറമ്പിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാരമായ പരുക്കേറ്റു.
അതേസമയം, തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലും അയ്യപ്പ ഭക്തരുടെ നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ പ്രഭാത സവാരിക്കിറങ്ങിയ സുഹൃത്തുക്കള്‍ മരിച്ചിരുന്നു. വഴയില സ്വദേശികളും സുഹൃത്തുകളുമായ ബേകറി കട ഉടമ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.
രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്കാണ് ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീര്‍ഥാടകരുടെ വാഹനം ഇടിച്ചുകയറിയത്. പിന്നാലെ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി.
എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണ് ഹരിദാസനും വിജയനും പരുക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയില്‍ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണമടഞ്ഞു.