കട്ടപ്പന-ഉപ്പുതറ വളകോട് ഒമേഗയിൽ പടുത കുളത്തിൽ സ്വർണ നിറത്തിലുള്ള പാമ്പിനെ കണ്ടത് പ്രദേശവാസികൾക്കിടയിൽ ആശ്ചര്യം സൃഷ്ടിച്ചു.
ഒമേഗ പുത്തൻ പറമ്പിൽ സ്മിനു വിൽസൻ്റെ കൃഷിയിടത്തിലെ പടുതാക്കുളത്തിലാണ് സ്വർണ്ണ നിറത്തിലുള്ള പാമ്പ് വീണത്. പാമ്പിനെ കണ്ടതോടെ ഇവർ വനം വകുപ്പിൽ വിവരമറിയിച്ചു.
രാവിലെ കൃഷിയിടത്തിലെ പടുതാകുളം തേകാൻ പോയപ്പോളാണ് സ്മിനു കുളത്തിൽ പാമ്പ് കിടക്കുന്നത് കാണുന്നത്. പാമ്പിന്റെ നിറം കണ്ടതോടെ ആശ്ചര്യമായി. സ്വർണ്ണ നിറത്തിൽ പത്തി വിടർത്തിയാണ് പാമ്പ് കുളത്തിൽ കിടന്നത്.
തുടർന്ന് സമീപവാസികളെ വിവരം അറിയിച്ചു. സമീപ വാസികൾക്കും സ്വർണ്ണ നിറത്തിലുള്ള പാമ്പ് ആശ്ചര്യമായി. തുടർന്ന് വനം വകുപ്പിലും വിവരം അറിയിച്ചു.
സംഭവം നാട്ടിൽ പാട്ടായതോടെ നിരവധി പേരാണ്
സ്മിനുവിന്റെ വീട്ടിൽ എത്തിയത് .
ചിലർ ഇതിനെ സ്വർണ്ണ നാഗം എന്ന് പേരിട്ട് വിളിച്ചു.
നാളുകളായി തേകാതെ കിടക്കുന്ന പടുതാകുളമാണ് ഇത്. പടുത മുഴുവൻ പായൽ പിടിച്ച് കിടന്നതോടെ ഇറങ്ങിയ പാമ്പിന് തിരികെ കയറാനായില്ല. ഇങ്ങനെ കുളത്തിൽ പെട്ടുകിടക്കുകയായിരുന്നു.
വനം വകുപ്പിന്റെ പാമ്പ് പിടുത്ത വിദഗ്ദ്ധൻ രവി ഈട്ടിക്കൽ എത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു.