ഇടുക്കി / കട്ടപ്പന- ഭൂപതിവ് ഭേദഗതി ബില്ലിനെ ചൊല്ലി ഇടുക്കി ജില്ലയിൽ വീണ്ടും വിവാദം.
ഭൂപതിവ് ഭേദഗതി ബില്ലിനെ ചൊല്ലി ഇടുക്കി ജില്ലയിൽ വീണ്ടും വിവാദം കൊഴുക്കുന്നു. റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന്, തെളിയിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി രംഗത്തു വന്നു. ഭൂപതിവ് ഭേദഗതി മൂലം ഇടുക്കിയിലെ ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നും, പൊതുജനങ്ങളോടും നിയമസഭയിലും പെരും നുണയാണ് റവന്യൂ മന്ത്രി ആവര്‍ത്തിക്കുന്നതെന്നും അതിജീവന പോരാട്ടവേദി പറയുന്നു. 10 ദിവസത്തിനകം റവന്യൂ മന്ത്രി കഴിഞ്ഞ 13 ന് പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് അതിജീവന പോരാട്ടവേദി വ്യക്തമാക്കി. ഭൂനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ പുതിയ ജന്മിയായി.
വ്യവസ്ഥാ ലംഘനങ്ങള്‍ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിന് അല്ലാതെ ഭൂമി വിനിയോഗിക്കാന്‍ അനുവാദം നല്‍കാനും സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ മാത്രമാണ് ഭൂപതിവ് ഭേദഗതി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. ഇതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ ചട്ടം രൂപീകരിക്കുന്നത് കൂടിയാലോചനകള്‍ക്കു ശേഷം. ആയിരിക്കും.സാധാരണ ജനങ്ങള്‍ക്ക് ഭാരവും ബാധ്യതയും ഉണ്ടാകാത്ത രീതിയില്‍ ചട്ടം ഉണ്ടാക്കാന്‍ ആണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഈ ചട്ടത്തില്‍ ഭീമമായ ഫീസ് നിഷ്‌കര്‍ഷിക്കും എന്ന പ്രചാരണം തള്ളിക്കളയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയുടെ തുടക്കത്തില്‍ തന്നെ നിയമനിര്‍മ്മാണം ക്രമീകരിക്കുന്നതിനും പുതിയ നിര്‍മ്മാണങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നതിനും ആണ് എന്ന് വിശദീകരിച്ചത് വളരെ ശരിയാണെന്നും ഇതുതന്നെയാണ് അതിജീവന പോരാട്ട വേദി നേരത്തെ മുതല്‍ വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഏതോ ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ ഒരു ചട്ടം മാത്രമാണ് ഇവിടെ പ്രശ്‌നം. ഇതു മാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് മന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധവും ദുരുദ്ദേശപരവും ആണ്. കൃഷിക്കും വീടിനും നല്‍കിയ ഭൂമി ദുരുപയോഗിക്കുന്നു എന്ന് ആരോപിച്ച് ഒരു പരിസ്ഥിതി സംഘടനയും കേരളത്തിലെ ഒരു കോടതിയിലും കേസ് നല്‍കിയിട്ടില്ല. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് മന്ത്രി അസത്യം പ്രചരിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 22ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇടുക്കി ജില്ലയില്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമായത്. റവന്യൂ മന്ത്രിയുടെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന വര്‍ക്ക് അതിജീവന പോരാട്ട വേദി 2 ലക്ഷം രൂപ ഇനം നല്‍കുമെന്നും ചെയര്‍മാന്‍ റസാക്ക് ചൂരവേലില്‍ പറഞ്ഞു.