തൊടുപുഴ -ജില്ലയില്‍ കാത്ലാബ് സൗകര്യം ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് ഉടന്‍ കാത്ലാബ് സൗകര്യം ലഭ്യമാക്കുക. കാരുണ്യ ഫാര്‍മസി സേവനവും ഉടന്‍ ആരംഭിക്കും. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ തടസ്സങ്ങള്‍ എത്രയും വേഗം നീക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8 മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാര്‍ഡുകളിലെത്തി രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ജീവനക്കാര്‍ എന്നിവരുമായും ആശയവിനിമയം നടത്തി. അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയങ്ങളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി .
തിങ്കളാഴ്ചയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ , പ്രയോജനം വിലയിരുത്തുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം .
തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ത്രിതല ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
ചിത്രം 1. ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശനം നടത്തുന്നു.
ഇടുക്കിജില്ലയിൽ – കാത്ലാബ്,സൗകര്യം ഉടൻലഭ്യാമാക്കും,- മന്ത്രി വീണ ജോർജ്.
