തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നു പറയാൻ തന്റെ കൈയില്‍ തെളിവെല്ലുന്നു ഇടതുമുന്നണി കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായി ഇപി ജയരാജൻ.
കരുവന്നൂര്‍ പ്രശ്നം ശക്തമായ നടപടിയെടുത്ത് അവസാനിപ്പിക്കാൻ ആകാത്തത് വീഴ്ചയാണെന്നും അദ്ദേഹം തുറന്നടിച്ചു
കരുവന്നൂരില്‍ ഇപി ജയരാജന്റെ തുറന്നു പറച്ചിലില്‍ പുകഞ്ഞ് സിപിഎം. കരുവന്നൂരിലെ തട്ടിപ്പില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തല്‍ ഏറ്റെടുക്കാനോ അത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിനോ നേതൃത്വം തയാറായിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട ശബ്ദമല്ല ഇപിയുടേതെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
സഹകരണത്തില്‍ തോറ്റാല്‍ കാല്‍ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയില്‍ ആരോപണം ആവര്‍ത്തിച്ചുയര്‍ത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരില്‍ തെറ്റിയത് പാര്‍ട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറച്ചില്‍ നേതൃത്വത്തിന് വലിയ അടിയായി.
എംവി ഗോവിന്ദൻ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതല്‍ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്. പാര്‍ട്ടിക്കകത്തെ പുകച്ചില്‍ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല.
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിര്‍ത്താൻ അതിതീവ്ര പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സിപിഎം തീരുമാനം. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതല്‍ നിക്ഷേപകര്‍ക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കും. കരുതല്‍ ധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങള്‍ അതാത് സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും