fbpx

വിജയ് ഭാവി മുഖ്യമന്ത്രി! മധുരയില്‍ പോസ്റ്ററുകള്‍, ആര്‍ക്കും തടയാനാകില്ല; ഉദയനിധിക്ക് വിമര്‍ശനവും

നടൻ വിജയ് ഭാവി മുഖ്യമന്ത്രിയാകുമെന്ന് ആരാധക കൂട്ടായ്മയുടെ പേരില്‍ പോസ്റ്റര്‍. മധുരയിലെ വിവിധ ഇടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

നെഹ്‌റു സ്റ്റേഡിയത്തില്‍ കേറുന്നത് തടഞ്ഞിരിക്കാം പക്ഷെ മുഖ്യമന്ത്രിയാകുന്നതില്‍ നിന്നും തടയാൻ ആര്‍ക്കും സാധിക്കില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് സംബന്ധിച്ചാണ് പോസ്റ്റര്‍.

ചിത്രത്തിന്റെ ഗ്രാൻഡ് റിലീസിന് മുന്നോടിയായി, നിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍ 30-ന് ഓഡിയോ ലോഞ്ച് ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് റദ്ദാക്കിയതിന് പിന്നാലെ ലിയോ റിലീസ് സംബന്ധിച്ച്‌ പലവിധത്തിലുള്ള ചര്‍ച്ചകളാണ് ഉയരുന്നത്. അതിലൊന്ന് തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ ലിയോയ്‌ക്കെതിരെ നീങ്ങുന്നുവെന്നാണ്. അതേസമയം പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്ന് ലിയോയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ തമിഴകത്തെ ഒന്നാം നമ്ബര്‍ സിനിമ വിതരണ കമ്ബനി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ മകനുമായ ഉദയനിധി സ്റ്റാലിൻറെ റെഡ് ജെൻറ് മൂവിസാണ്. തമിഴകത്തെ പല സ്‌ക്രീനുകളിലും ഏത് ചിത്രം കളിക്കണം, കളിക്കേണ്ട എന്ന് തീരുമാനിക്കുന്നത് റെഡ് ജൈൻറാണ് എന്നത് കഴിഞ്ഞ കുറച്ചുകാലമായി തമിഴകത്തെ പരസ്യമായ രഹസ്യമാണ്.

വിജയ്യുടെ സിനിമകളുടെ ഓഡിയോ ലോഞ്ച് ഇവന്റുകള്‍ക്ക് വലിയൊരു വിഭാഗം ആരാധകരാണ് ഉള്ളത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക്, പ്രത്യേകിച്ച്‌ ‘കുട്ടിക്കഥൈ’യ്ക്ക് (ചെറിയ കഥ) വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത്തവണയും അദ്ദേഹം രാഷ്ട്രീയ പ്രസംഗം നടത്തുമോ എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ.

ലോകേഷ്, രത്നകുമാര്‍, ദീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദളപതി വിജയ്, തൃഷ, സഞ്ജയ് ദത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍ അര്‍ജുൻ സര്‍ജ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ മനോജ് പരമഹംസ, എഡിറ്റര്‍ ഫിലോമിൻ രാജ് എന്നിവരും സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.

Share the News