fbpx

സുഹൈൽ’ വരുന്നു; യുഎഇയിലെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് റിപ്പോർട്ട്

വേനല്‍ക്കാലത്തിന്റെ അവസാനം അറിയിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ കാണപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു

അബുദാബി: യുഎഇയില്‍ കനത്ത ചൂടിന് സമാപ്തി കുറിച്ചുകൊണ്ട് ഈ മാസം ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രതീക്ഷിക്കുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. ഇതിന് പിന്നാലെ രാജ്യത്തെ താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം അടുത്തയാഴ്ചയോടെയാണ് കാണപ്പെടുക.

വേനല്‍ക്കാലത്തിന്റെ അവസാനം അറിയിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ കാണപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്ത് ആയിട്ടാകും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുക. സുഹൈല്‍ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യുഎഇയില്‍ ചൂട് കുറഞ്ഞ് തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ രാജ്യം കനത്ത ചൂടില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തും.

ഘട്ടംഘട്ടമായിട്ടായിരിക്കും ചൂടില്‍ കുറവ് അനുഭവപ്പെടുക. സുഹൈല്‍ നക്ഷത്രം ഉദിച്ച് 40 ദിവസത്തിന് ശേഷമായിരിക്കും ശൈത്യകാലം ആരംഭിക്കുക. വരുന്ന ആഴ്ചകളിലുടനീളം സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞുകാണാന്‍ കഴിയും. ഈ സമയത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷി ആരംഭിക്കുക.

അതേസമയം, ഒക്ടോബര്‍ രണ്ട് മുതല്‍ രാത്രിയുടേയും പകലിന്റെയും ദൈര്‍ഘ്യം തുല്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയസിന് ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുക.

Share the News