സലാല: ദോഫാര്‍ മുനിസിപ്പാലിറ്റിയുടെയും ഒമ്രാൻ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെ സലാലയില്‍ 30ലക്ഷം റിയാല്‍ മൂല്യമുള്ള നാല് ടൂറിസം പദ്ധതികളുടെ വികസനം പൂര്‍ത്തിയാക്കിയതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം (എം.എച്ച്.ടി) അറിയിച്ചു.
മുഗ്‌സെയില്‍ വാട്ടര്‍ഫ്രണ്ട്, ഹംറീര്‍ വ്യൂ, ദര്‍ബാത്ത് വ്യൂ, ഐൻ ജര്‍സിസ് എന്നീ പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്.
പ്രദേശത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് വ്യതിരിക്തമായ അനുഭവങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നതാണ് പുതിയ സൗകര്യങ്ങളെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഖരീഫ്, വസന്ത സീസണുകളില്‍ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത് ഉപയോഗപ്പെടുത്താൻ ഗവര്‍ണറേറ്റിലെ പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങള്‍ വികസിപ്പിക്കാൻ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിൻ അബ്ദുല്ല അല്‍ അബ്രി മേയ് മാസത്തില്‍ പ്രസ്താവിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നാലു പ്രദേശങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 174,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മുഗ്‌സെയില്‍ വാട്ടര്‍ഫ്രണ്ട് പദ്ധതിക്ക് 8.74ലക്ഷം റിയാലിന്‍റെ നിക്ഷേപമുണ്ട്. പാര്‍ക്കിങ് സ്ഥലങ്ങള്‍, ഇവന്റുകള്‍, ആക്‌റ്റിവിറ്റികള്‍, ഫുഡ് കിയോസ്‌ക്കുകള്‍, റസ്റ്റാറന്റുകള്‍, ബീച്ചിലെ കാല്‍നടസ്ഥലം, സിറ്റിങ് ഏരിയകള്‍, പിക്‌നിക് സ്‌പോട്ടുകള്‍, വ്യായാമ സ്ഥലങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സമുദ്ര കായിക വിനോദങ്ങള്‍, സാഹസിക പാര്‍ക്ക്, കുട്ടികളുടെ ഗെയിമുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ഹംറീര്‍ വ്യൂ പ്രോജക്റ്റ് 505,000റിയാല്‍ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. 105,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ദര്‍ബാത്ത് വ്യൂ പദ്ധതിക്ക് 561,500 റിയാല്‍ ചെലവായി. 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഐൻ ജര്‍സിസ് പദ്ധതി പൊതു സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്. ഇവിടെ പാര്‍ക്കിങ് സ്ഥലങ്ങള്‍, ടോയ്‌ലറ്റുകള്‍, പിക്‌നിക് സ്പോട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പദ്ധതികള്‍ ഗവര്‍ണറേറ്റിന്റെ സമ്ബദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും ബിസിനസ് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും സംഭാവന ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.