ചെന്നൈ: ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. മേയര്‍ രാധാകൃഷ്‌ണന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 8.30 മുതല്‍ നടക്കുന്ന സെമി ഫൈനലില്‍ ജപ്പാനാണ് എതിരാളി.
വൈകിട്ട് ആറിനു തുടങ്ങുന്ന ഒന്നാം സെമിയില്‍ മലേഷ്യ ദക്ഷിണ കൊറിയയെ നേരിടും. 1932 ലെ ഒളിമ്ബിക്‌സ് മുതലാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ ഹോക്കി കളിച്ചു തുടങ്ങിയത്. ഇരുവരും തമ്മില്‍ 34 തവണ ഏറ്റുമുട്ടി. 27 മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്കു തന്നെയാണു മുന്‍തൂക്കം. ജപ്പാന് മൂന്ന് ജയങ്ങളും നാലു സമനിലകളുമാണ് എടുത്തു കാണിക്കാനുള്ളത്. റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യയെ 1-1 നു സമനിലയില്‍ കുരുക്കിയാണ് അതിലൊന്ന്.
ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ജപ്പാനും ഒന്‍പത് തവണ ഏറ്റുമുട്ടി. അഞ്ച് മത്സരങ്ങളില്‍ ജയിച്ച ഇന്ത്യക്കാണ് അവിടെയും മുന്‍തൂക്കം. രണ്ടു മത്സരങ്ങളിലാണു ജപ്പാന്‍ ജയമറിഞ്ഞത്. രണ്ടു മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ജപ്പാനെ 8-0 ത്തിനു തകര്‍ത്തിരുന്നു. ജപ്പാന്റെ ഇന്ത്യക്കെതിരേ നടന്ന മൂന്ന് ജയങ്ങള്‍ തകര്‍പ്പനായിരുന്നു. 2022 ലെ ഏഷ്യാ കപ്പില്‍ 5-2 നും 2021 ലെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ 5-3 നും ജയിച്ചു. 2013 ലെ ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ 2-1 നായിരുന്നു ജപ്പാന്റെ ജയം.
അറുപത് മിനിറ്റും ജപ്പാനെ സമ്മര്‍ദത്തിലാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ടീം മുന്‍ നായകനും ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. ലോക റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്‌ഥാനത്തും ജപ്പാന്‍ 19-ാം സ്‌ഥാനത്തുമാണ്. 2021 ലെ ടൂര്‍ണമെന്റിന്റെ ലീഗ് മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 6-0 ത്തിനു തകര്‍ത്തിരുന്നു. സെമിയില്‍ ജപ്പാന്‍ 5-3 നു ജയിച്ചു തിരിച്ചുമടിച്ചു. ചെന്നൈയില്‍ ഇന്ത്യയാണ് ടോപ് സ്‌കോറര്‍. 20 ഗോളുകളാണ് ഇന്ത്യ അടിച്ചു കയറ്റിയത്.
ക്രെയ്‌ഗ് ഫുള്‍ടണിന്റെ ശിഷ്യന്‍മാര്‍ ജപ്പാനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച 15 പെനാല്‍റ്റി കോര്‍ണറുകളില്‍ ഒരെണ്ണം മാത്രമാണു ഗോളാക്കിയത്. അവസാന ലീഗ് മത്സരത്തില്‍ പാകിസ്‌താനെ 4-0 ത്തിനു തോല്‍പ്പിച്ച അതേ ശൈലിയിലായിരിക്കും ഇന്നും കളിക്കുകയെന്നു ക്രെയ്‌ഗ് ഫുള്‍ടണ്‍ പറഞ്ഞു. നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളും ജുഗ്രാജ് സിങ്, അക്ഷദീപ് സിങ് എന്നിവരുടെ ഒാരോ ഗോളുകളും ലീഗില്‍ ഇന്ത്യയെ ഒന്നാം സ്‌ഥാനക്കാരാക്കി. ഇന്ത്യന്‍ താരങ്ങള്‍ നാല് പാദങ്ങളിലും പാക് താരങ്ങളെ അനങ്ങാന്‍ വിട്ടില്ല. ഗ്രഹാം റീഡിന്റെ പകരക്കാരനായി ഏപ്രിലിലാണു ഫുള്‍ടണ്‍ ഇന്ത്യന്‍ കോച്ചായത്. 2018 ലെ ലോകകപ്പിലും ടോക്കിയോ ഒളിമ്ബിക്‌സിലും ബെല്‍ജിയം ടീമിന്റെ അസിസ്‌റ്റന്റ് കോച്ചായിരുന്നു ഫുള്‍ടണ്‍.
കോച്ചിന്റെ അതേ നിലപാടിലാണ് ഉപ നായകനും മിഡ്‌ഫീല്‍ഡറുമായ ഹാര്‍ദിക് സിങ്ങും. ജപ്പാന്‍ പാകിസ്‌താനെ മറികടന്നാണു സെമിയില്‍ കടന്നത്. ഇരുവര്‍ക്കും അഞ്ച് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലെ മികവാണു ജപ്പാനെ സെമിയിലെത്തിച്ചത്. ചൈനയ്‌ക്കെതിരേ നടന്ന അവസാന മത്സരം ജയിച്ചതാണ് അവര്‍ക്കു തുണയായത്. രണ്ട് മത്സരങ്ങള്‍ സമനിലയാക്കിയ ജപ്പാന്‍ ഒന്നിലാണു തോറ്റത്. പ്രതിരോധമാണു ജപ്പാന്റെ മുതല്‍ക്കൂട്ട്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ സമര്‍ഥമായി തടുക്കാന്‍ അവര്‍ക്കായി. ആക്രമണ നിരയുടെ പാളിച്ചകളാണു ജപ്പാനെ ഗോളില്‍നിന്ന് അകറ്റുന്നത്.