എല്ലാ ഇൻഡസ്ട്രിയിലും പോയി ഹിറ്റടിച്ച ഒരേയൊരു നടനാണ് ദുൽഖർ, ‘ലോക’യുടെ വിജയം എനിക്കും ധൈര്യം തന്നു: വിഷ്ണു വിശാൽ

‘ഇന്ന് നല്ല കണ്ടെന്റുകൾ ചെയ്താൽ അത് കൊമേർഷ്യലി വിജയിക്കുമെന്ന് ലോക തെളിയിച്ചു’

ദുൽഖർ സൽമാനെക്കുറിച്ച് മനസുതുറന്ന് നടൻ വിഷ്ണു വിശാൽ. എല്ലാ ഇൻഡസ്ട്രിയിലും പോയി അവരുടെ ഭാഷയിൽ ഹിറ്റടിച്ച ഒരേയൊരു നടൻ ദുൽഖർ സൽമാൻ ആണെന്നും തനിക്ക് അദ്ദേഹത്തിന്റെ സിനിമകൾ ഇഷ്ടമാണെന്നും വിഷ്ണു പറഞ്ഞു. നല്ല കണ്ടെന്റുകൾ ചെയ്താൽ അത് കൊമേർഷ്യലി വിജയിക്കുമെന്ന് ലോക തെളിയിച്ചു. ലോകയുടെ വിജയം തനിക്ക് ധൈര്യം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു വിശാൽ പറഞ്ഞു.

ഇന്ന് നല്ല കണ്ടെന്റുകൾ ചെയ്താൽ അത് കൊമേർഷ്യലി വിജയിക്കുമെന്ന് ലോക തെളിയിച്ചു. മഞ്ഞുമ്മൽ ബോയ്‌സും അങ്ങനെ തന്നെ ആയിരുന്നു. ഒരു ഹീറോ സിനിമ നിർമിക്കുന്നു അത് വിജയമാകുന്നു എന്നത് എനിക്ക് കോൺഫിഡൻസ് നൽകിയിട്ടുണ്ട്. നായികാ പ്രാധാന്യമുള്ള സിനിമകൾ ഒരുപാട് ചെയ്യണെമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ദുൽഖറിന്റെ സിനിമകൾ എനിക്ക് വളരെ ഇഷ്ടമാണ്. എല്ലാ ഇൻഡസ്ട്രിയിലും പോയി അവരുടെ ഭാഷയിൽ ഹിറ്റടിച്ച ഒരേയൊരു നടൻ ദുൽഖർ സൽമാൻ ആണ്. ആര്യൻ കേരളത്തിൽ റിലീസ് ചെയ്യാനായി അദ്ദേഹത്തിന്റെ അടുത്ത് പോയതിന് കാരണം മറ്റാരേക്കാളും അദ്ദേഹത്തിന് എന്നെ മനസിലാകും എന്നതുകൊണ്ടാണ്. പ്രത്യേകിച്ചും ലോകയ്ക്ക് ശേഷം എന്റെ ഈ സിനിമ ഏറ്റെടുക്കാൻ അദ്ദേഹം സമ്മതിച്ചപ്പോൾ എനിക്ക് സന്തോഷമായി’, വിഷ്ണു വിശാലിന്റെ വാക്കുകൾ.

ആര്യൻ എന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാൽ ചിത്രം. സിനിമ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം തെലുങ്ക് ഒഴികെ മറ്റെല്ലാ ഭാഷകളിലും ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.