തൃശൂർ : മദ്യപിച്ച് ബസ് ഓടിക്കുന്നവരെയും മറ്റു നിയമലംഘനം നടത്തുന്നവരെയും കണ്ടെത്തുന്നതിനായി ഇന്നലെ രാവിലെ ആറുമണിമുതല്‍ എട്ടുമണിവരെ നടത്തിയ വാഹന പരിശോധനയില്‍ 200 ഓളം ബസുകള്‍ പരിശോധിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതായി കണ്ട ആറു ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചതായി പൊലിസ് അറിയിച്ചു.
തൃശൂര്‍ ടൗണിലൂടെ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ തമ്മിലുള്ള മത്സരവും ബസുകളുടെ സമയത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അടിപിടിയും കാരണം ജനങ്ങള്‍ ദുരിതത്തിലാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ചില ബസ് ഡ്രൈവര്‍മാര്‍ അതിരാവിലെ തന്നെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് ബസ് ഓടിക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് അങ്കിത് അശോകന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ട്രാഫിക് എന്‍ഫോഴ്‌സ് യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ നുഹ്മാന്‍ എന്‍ , തൃശൂര്‍ ടൗണ്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് എ., തൃശൂര്‍ ടൗണ്‍വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാം ടി, നെടുപുഴ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ , കണ്ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ബിജു എന്നിവരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. കണ്ടക്ടര്‍ ലൈസന്‍സില്ലാത്ത 23 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്ത 11 പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തുന്ന ബസുകളെയും ഡ്രൈവര്‍മാരെയും കണ്ടെത്തുന്നതിന് വരും ദിവസങ്ങളും കര്‍ശനമായ വാഹന പരിശോധന നടത്തുമെന്നും ഇപ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐ.പി.എസ് അറിയിച്ചു…