ട്രാക്കുകള്‍ക്ക് ചുറ്റുമുളള കല്ലുകള്‍ പാളം ആകര്‍ഷകമാക്കാനുള്ളതല്ല അവയ്ക്ക് മറ്റ് പല ഉപയോഗങ്ങളുണ്ട്
തീവണ്ടിപ്പാളങ്ങള്‍ കാണാത്തവരില്ല. അവയ്ക്ക് ചുറ്റും മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പാളങ്ങളിലും അവയ്ക്കുചുറ്റുമുളള കരിങ്കല്ലിന്റെ കഷണങ്ങള്‍ വെറുതെ ഇട്ടിരിക്കുന്നതല്ല. ആ കല്ലുകള്‍ക്ക് പല ഉപയോഗങ്ങളുണ്ട്. പാളം തെറ്റാതെ ട്രെയിനുകള്‍ക്ക് വളരെ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നതിന് കാരണം ഈ കല്ലുകളാണ്. അത് മാത്രമല്ല ‘ട്രാക്ക് ബാലസ്റ്റ്’ എന്നറിയപ്പെടുന്ന ഈ കല്ലുകള്‍കൊണ്ടുള്ള ഉപയോഗങ്ങള്‍ പലതാണ്.
പാളങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നു
ട്രാക്കുകള്‍ക്ക് അടിയിലുള്ള ചെറുതും അല്‍പ്പം വലിപ്പമുളളതുമായ ഈ കല്ലുകള്‍ ബാലസ്റ്റ് എന്നറിയപ്പെടുന്ന ഉറച്ച അടിത്തറയാണ്. ഈ ബാലസ്റ്റുകള്‍ ട്രെയിനുകള്‍ കടന്നുപോകുന്ന ഭാരം തുല്യമായി വീതിച്ചെടുക്കുന്നു. ഇത് ലോഹ പാളങ്ങള്‍ വളയുകയോ സ്ഥാനം തെറ്റുകയോ ചെയ്യുന്നത് തടയുന്നു. സ്ലീപ്പറുകളെ(പാളങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്ന ചതുരാകൃതിയിലുള്ള കോണ്‍ക്രീറ്റ് അല്ലെങ്കില്‍ മരക്കഷണങ്ങള്‍)സ്ഥാനത്ത് ഉറപ്പിച്ച് നിര്‍ത്തുന്നു. ഈ കല്ലുകള്‍ ഇല്ലെങ്കില്‍ ട്രാക്കുകള്‍ മണ്ണിലേക്ക് താഴ്ന്ന് പോയി പാളം തെറ്റാന്‍ സാധ്യതയുണ്ട്.
മഴവെള്ളത്തെ തടഞ്ഞുനിര്‍ത്താതെ സഹായിക്കുന്നു
ഇന്ത്യയിലെ മഴക്കാലം റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമല്ല. മഴപെയ്യുമ്പോള്‍ കല്ലുകളുടെ കഷണങ്ങള്‍ക്കിടയിലൂടെയുളള വിടവുകളിലൂടെ മഴവെള്ളം വേഗത്തില്‍ ഒഴുകി പോകുന്നു. ഇത് അടിയിലുള്ള മണ്ണിനെ ദുര്‍ബലപ്പെടുന്ന വെള്ളക്കെട്ട് തടയും. ഈ മെറ്റലുകള്‍ ഒരു ഡ്രെയിനേജ് സംവിധാനം പോലെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് മെറ്റല്‍ ട്രാക്കുകള്‍ തുരുമ്പെടുക്കുന്നതില്‍നിന്ന് സംരക്ഷിക്കപ്പെടുകയും ചെളി അടിഞ്ഞുകൂടുന്നത് ഒഴിവാക്കുകയും ചെയ്യും.
വൈബ്രേഷനുകളും ശബ്ദങ്ങളും കുറയ്ക്കുന്നു
ട്രെയിന്‍ പാഞ്ഞുവരുമ്പോള്‍ അത് ചുറ്റുപാടും വൈബ്രേഷനുകള്‍ സൃഷ്ടിക്കുന്നു. നിലത്തെ ഇളക്കിമറിക്കുകയും ചുറ്റുപാടുകളില്‍ അതിതീവ്രമായ വൈബ്രേഷനുകള്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ റെയില്‍വേ ട്രാക്കിലെ കല്ലുകള്‍ ഒരു ഷോക്ക് അബ്‌സോര്‍ബറായി പ്രവര്‍ത്തിക്കുന്നു. അവ വൈബ്രേഷനെ മൃദുവാക്കുകയും ട്രാക്കുകള്‍, സ്ലീപ്പറുകള്‍ എന്നിവയിലെ എല്ലാം സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. ഇവ വൈബ്രേഷനുകളും ശബ്ദങ്ങളും കുറയ്ക്കുന്നതുകൊണ്ടുതന്നെ യാത്രക്കാര്‍ക്കും റെയില്‍വേ ലൈനിന് സമീപം താമസിക്കുന്നവര്‍ക്കും അസ്വസ്ഥത കുറയാന്‍ സഹായിക്കുന്നു.
പുല്ലുകളും ചെടികളും വളരാതെ സഹായിക്കുന്നു
കല്ലുകള്‍ അയഞ്ഞ രീതിയില്‍ വിതറിയിരിക്കുന്നതിനാലും ഈര്‍പ്പം നിലനിര്‍ത്താത്തതിനാലും ട്രാക്കുകള്‍ക്കിടയില്‍ ചെടികള്‍ക്കോ പുല്ലിനോ വളരാന്‍ തടസ്സം സൃഷ്ടിക്കുന്നു. മഴക്കാലത്ത് അനാവശ്യമായ സസ്യവളര്‍ച്ച മൂലമുള്ള തടസ്സങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
ട്രാക്കിന്റെ അറ്റകുറ്റപ്പണി എളുപ്പമാക്കുന്നു
ബാലസ്റ്റുകള്‍ അഥവാ മെറ്റല്‍ കല്ലുകള്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ റയില്‍വേ ശ്യംഖല പരിപാലിക്കാന്‍ എഞ്ചീനീയര്‍മാരെ സഹായിക്കുന്നു. അറ്റകുറ്റപ്പണികള്‍ നടത്തുമ്പോഴും ട്രാക്ക് മാറ്റിസ്ഥാപിക്കുമ്പോഴും കല്ലുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനും വീണ്ടും പുനസ്ഥാപിക്കാനും സാധിക്കുന്നത് മെറ്റലുകള്‍ വിതറിയിരിക്കുന്നതുകൊണ്ടാണ്.
