2019, 2025 ലെ ദ്വാരപാലകപ്പാളിയും സ്തംഭപ്പാളിയും പരിശോധിക്കും; അനുമതി നൽകി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അനുമതി. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ മാസം 15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കാനാണ് തീരുമാനം.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തി ഹൈകോടതി. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്‌സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്നാണ് കണ്ടെത്തല്‍. 2025ല്‍ കോടതി അനുമതി തേടാതെ ദ്വാരപാലകപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തുവിട്ടത് 2019ലെ ക്രമകേട് മറച്ചുവെക്കാനെന്നും ഹൈകോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി ലക്ഷ്യം വെച്ചത് രാജ്യാന്തര വിഗ്രഹ കടത്ത് എന്ന സംശയവും ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നല്ലയാണ് കോടതിയുടെ വിമര്‍ശനം. 2025 ല്‍ ഉണ്ണികൃഷ്ണനെപ്പോറ്റിക്ക് ദ്വാരപാലക പാളി കൊടുത്തുവിട്ടത് മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയില്ല. സന്നിധാനത്ത് വച്ച് തന്നെ അറ്റകുറ്റപ്പണി നടത്താന്‍ 2025 ജനുവരി മുതല്‍ നവംബര്‍ വരെ മതിയായ സമയം ലഭിച്ചിട്ടുണ്ട് ബോര്‍ഡ് തയ്യാറായില്ലെന്നും കോടതി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അഴിമതി നിരോധന നിയമം നിലനില്‍ക്കുമോ എന്ന ചോദ്യം കോടതി ഉയര്‍ത്തിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ രാജ്യാന്തര വിഗ്രഹ കടത്തുകാരന്‍ സുഭാഷ് കപൂറുമായാണ് കോടതി ഉപമിച്ചത്. ശബരിമലയിലെ മൂല്യവസ്തുക്കളുടെ പകര്‍പ്പ് ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും കോടതി സംശയിക്കുന്നു.

2019 ലെ ഭരണസമിതിക്കെതിരെയും അതിരൂക്ഷ വിമര്‍ശനമുണ്ട്. ബാക്കി വന്ന ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശം വെച്ചിട്ടും ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് അത്ഭുതപ്പെടുത്തിയ എന്ന കോടതി വ്യക്തമാക്കി. പോറ്റിയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ വഞ്ചിച്ചു എന്ന നിഗമനത്തിലാണ് കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് ശാസ്ത്രീയമായ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.