പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചത്’; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് എൻകെ പ്രേമചന്ദ്രൻ

പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. കോട്ടയം പൊലീസ് ക്ലബ്ബിൽ വെച്ച് ഇവർക്ക് ഇത് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ഷിബു ബേബി ജോൺ ആണെന്നും പ്രേമചന്ദ്രൻ
കൊല്ലം: പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്താണ് ബിന്ദു അമ്മിണിയെയും കനക ദുര്‍ഗയെയും ശബരിമലയിലെത്തിച്ചതെന്ന് ആവര്‍ത്തിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. നേരത്തെ ഇതേ കാര്യം പറഞ്ഞതിനുശേഷം സിപിഎമ്മിന്‍റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ഇപ്പോഴും ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. 2018ലാണ് ശബരിമല സ്ത്രീ പ്രവേശന വിധി വരുന്നത്. മുഖ്യമന്ത്രി സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണം ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് അകമ്പടിയോടുകൂടിയാണ് രഹന ഫാത്തിമ എത്തിയത്. ബിന്ദു അമ്മിണിയും കനക ദുർഗയും പൊലീസിന്‍റെ സമ്പൂർണ സംരക്ഷണയിലാണ് എത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതേവിഷയം ആവർത്തിച്ചു. പക്ഷേ താൻ പറഞ്ഞപ്പോൾ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നുവെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് ഈ ആക്രമണം. ശബരിമല സ്ത്രീ പ്രവേശനവിഷയം വീണ്ടും ചർച്ചയായതിൽ സന്തോഷമുണ്ട്. ഭക്തർക്ക് ഉണ്ടായ വേദനയുടെ ഓർമ്മപ്പെടുത്തലാണിത്. തനിക്കെതിരെ നടക്കുന്നത് സിപിഎം സൈബർ സംഘത്തിന്‍റെ വർഗീയ ആക്രമണമാണ്. താൻ പറഞ്ഞതിൽ അടിയുറച്ചു നിൽക്കുകയാണ്. വിശ്വാസത്തെ വിശ്വാസികളെ ഏറ്റവും അധികം വ്രണപ്പെടുത്തിയതാണ് സ്ത്രീ പ്രവേശനം. പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്ത് കനക ദുർഗ്ഗയെയും അമ്മിണിയെയും ശബരിമലയിൽ എത്തിച്ചുവെന്നത് ആവര്‍ത്തിക്കുകയാണ്. സ്ത്രീകളെ ശബരിമലയിൽ കയറ്റിയവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്നത് വിരോധാഭാസമാണ്. സൈബർ ആക്രമണത്തെ താൻ മുഖവിലയ്ക്ക് എടുക്കുന്നില്ല. എന്തിനെയും ഏതിനെയും വർഗീയവത്കരിക്കുകയെന്നതാണ് സിപിഎം നയം.


ഷിബു ബേബി ജോണ്‍ പറഞ്ഞത് പൊലീസിൽ നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ
സീനിയർ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് ഷിബു ബേബി ജോൺ ആദ്യം ഇക്കാര്യം പറയുന്നത്. അത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത്. യുഡിഎഫ് ചരിത്രത്തിൽ ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള കെട്ടുറപ്പിലാണ് ഇപ്പോഴുള്ളത്. ഘടകകക്ഷികൾ തമ്മിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. ഭരണം പിടിക്കാനായി ഒറ്റമനസ്സോടു കൂടെയാണ് മുന്നോട്ടുപോകുന്നത്. മുൻപ് മോൺഗ്രസിൽ ഉണ്ടായിരുന്ന അനൈക്യം ഇപ്പോഴില്ല എന്നാണ് മനസിലാക്കുന്നത്. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് സിപിഎം നടത്തുന്ന പ്രചാരണമാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.