2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് സിഗരറ്റില്ല! ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും; മാലിദ്വീപിൽ കുട്ടികൾക്ക് പുകയില നിരോധനം

മാലി: 2007 ജനുവരിക്ക് ശേഷം ജനിച്ച കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി മാലിദ്വീപ്. പുകവലി ശീലത്തിൽ നിന്ന് യുവ തലമുറയെ രക്ഷപ്പെടുന്നതിനായി നിരോധനം ഏ‍ർപ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വിധ പുകയില ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാകും. നവംബർ 1 മുതൽ ആണ് ഇത് പ്രാബല്യത്തിൽ വന്നത്. ചില്ലറ വ്യാപാരികൾ വിൽപ്പനയ്ക്ക് മുമ്പ് ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാലി ദ്വീപിലേക്ക് വരുന്നവർക്കും ഈ വ്യവസ്ഥ ബാധകമാണ്.

പൊതുജനാരോഗ്യം സംരക്ഷിക്കാനും പുകയില ഉപയോഗിക്കാത്ത ഒരു തലമുറയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് കച്ചവടക്കാർക്ക് മേൽ 50,000 റുഫിയ ($3,200) പിഴയും, വേപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് 5,000 റുഫിയ ($320) പിഴയും വരെ ചുമത്താമെന്നാണ് വ്യവസ്ഥ. ഇലക്ട്രോണിക് സിഗരറ്റ്, വേപ്പിംഗ് ഉപകരണങ്ങൾ തുടങ്ങിയവ മാലിദ്വീപിൽ ഇറക്കുമതി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും വിതരണം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നേരത്തെ നിരോധിച്ചിരുന്നു. ഇത് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പ്രായഭേദമന്യേ നടപടിയെടുക്കുമെന്ന് നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ബ്രിട്ടനിലും സമാന രീതിയിൽ, പ്രായാധിഷ്ഠിതമായ പുകയില നിരോധനം നടത്താനൊരുങ്ങുകയാണ്. ഇതിന്റെ നിയമ നി‍ർമാണ പ്രക്രിയകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതേ സമയം, പുകയിലക്കെതിരെ ഇത്തരമൊരു നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യമായ ന്യൂസിലാൻഡ് 2023 നവംബറിൽ ഇത് റദ്ദാക്കിയിരുന്നു. നിയമം നിലവിൽ വന്ന് ഒരു വർഷത്തിനുള്ളിൽ ഇത് പിൻവലിച്ചിരുന്നു.